കേന്ദ്ര സർക്കാർ അവഗണിച്ച പ്രവാസികളെ ചേർത്തുപിടിച്ച സംസ്ഥാന ബജറ്റ്: ബഹ്‌റൈൻ പ്രതിഭ

2926

മനാമ :ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് ബഹ്‌റൈൻ പ്രതിഭ സ്വാഗതം ചെയ്തു. പ്രവാസിക്ഷേമ പദ്ധതികൾക്കായി ചരിത്രത്തിലാദ്യമായാണ് 90 കോടിരൂപ ഒരു സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രവാസി വിഷയങ്ങളിൽ പ്രതിഭ ഉൾപ്പെടെയുള്ള പ്രവാസി സംഘടനകളും, ലോകകേരളസഭയും മുന്നോട്ട് വെച്ച നിർദേശങ്ങൾ കൂടി പരിഗണനയിലെടുത്താണ് വിവിധങ്ങളായ പദ്ധതികൾക്ക് പണം വകയിരുത്തിയത്. അടിസ്ഥാന മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് അങ്ങേയറ്റം പ്രതീക്ഷ നൽകുന്നതാണ് ബജറ്റ് എന്ന് പ്രതിഭ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള പ്രവാസികൾക്ക് ചികിത്സാ ചെലവ്, നിയമ സഹായം, എയർ ആംബുലൻസ്, മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരൽ, ജയിൽ മോചിതർക്കുള്ള സഹായം എന്നിവക്കായി 16 കോടി മാറ്റി വെച്ചു.തിരിച്ചു വന്ന പ്രവാസികൾക്ക് നിലവിലുള്ള സാന്ത്വന പദ്ധതിയ്ക്ക് പുറമെയാണ് ഇത് നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന് രണ്ടു കോടി രൂപ അനുവദിച്ചു. നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ ഒരു ജോബ് പോർട്ടൽ വികസിപ്പിക്കുന്നതിനും വിദേശ തൊഴിലുടമകളുമായി ബന്ധപ്പെട്ട് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പുവരുത്താനും 8 കോടി മാറ്റി വെച്ചു. നിലവിൽ നോർക്കയുടെ കീഴിൽ ജോബ് പോർട്ടലുണ്ട്. പല ഒഴിവുകളിലേക്കും, പ്രത്യേകിച്ച് വിദേശ ആരോഗ്യ രംഗത്തേക്ക് റിക്രൂട്ട്മെൻറുകൾ നടക്കുന്നുമുണ്ട്. ഇത്രയും തുക ചെലവഴിച്ചുണ്ടാക്കുന്ന പ്രസ്തുത പോർട്ടൽ വികസനം പ്രവാസികൾക്ക് തീർച്ചയായും ഗുണകരമാകും.അടുത്ത സാമ്പത്തിക വര്‍ഷം 10,000 നഴ്‌സുമാര്‍ക്ക് വിദേശ ജോലി ലഭ്യമാക്കാന്‍ ക്രാഷ് ഫിനിഷിങ് കോഴ്‌സ് ആരംഭിക്കും. ഇതിന് അഞ്ചു കോടി രൂപയാണ് ബജറ്റിലുള്ളത് കുടിയേറ്റ സഹായത്തിനാവശ്യമായ ക്രാഷ് ഫിനിഷിംഗ്- നൈപുണ്യ വികസനം, ബോധവൽക്കരണം, ഗ്രീവൻസ് റിഡ്രസ്സൽ സെൽ രൂപീകരണം എന്നിവക്കായി 7 കോടി മാറ്റി വെച്ചു. മാറിവരുന്ന തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്തും വിധം പരിശീലനം നൽകുന്ന ഈ പദ്ധതി വളരെ സ്വാഗതാർഹമാണ്.വിവിധ ഭാഷകളില്‍ പരിശീലനം, സാങ്കേതിക പരിശീലനം, ഐടി പരിശീലനം, സോഫ്റ്റ് സ്‌കില്‍ തുടങ്ങിയവ ക്രാഷ് കോഴ്‌സില്‍ ഉള്‍പ്പെടും.

ലോകകേരളസഭയുടെ പരിധിയിൽവരുന്ന പ്രവർത്തനങ്ങൾക്കും അടുത്ത ലോകകേരളസഭാ യോഗത്തിനും അനുബന്ധപരിപാടികൾക്കുമായി 19 കോടി രൂപ വകയിരുത്തി. ക്ഷേമനിധിക്ക് 9 കോടിയും, കേരള- അറബ് സാംസ്കാരിക കേന്ദ്രത്തിന്റെ ടോക്കൺ പ്രൊവിഷനു 10 കോടിയും അനുവദിച്ചു. എൻ ആർ ഐ കമ്മീഷനായി 3 കോടി വകയിരുത്തി. നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ മൂലധന സബ്‌സിഡിയും നാലു വര്‍ഷത്തേക്ക് പലിശ രഹിത സബ്‌സിഡിയും സര്‍ക്കാര്‍ നല്‍കും. 18 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. വിദേശത്ത് സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങളിലെ വയോജകര്‍ക്ക് കെയര്‍ ഹോം പദ്ധതിയും (ഗാര്‍ഡന്‍ ഓഫ് ലൈഫ്) ബജറ്റില്‍ മന്ത്രി പ്രഖ്യാപിച്ചു. വിദേശത്തു ലഭിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ കെയര്‍ ഹോമില്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തും. പ്രവാസി സംഘടനകളുടെ ധനസഹായത്തിന് രണ്ടു കോടി രൂപയും സര്‍ക്കാര്‍ മാറ്റി വെച്ചു. അടുത്ത സാമ്പത്തിക വര്‍ഷം പ്രവാസി ഡിവിഡന്റ്, പ്രവാസി ചിട്ടി പദ്ധതികള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കും.

പ്രവാസികളുടെ പ്രശ്നങ്ങൾ ശാസ്ത്രീയമായി പഠിച്ചും അതിനനുസരിച്ച പദ്ധതികൾ ആവിഷ്കരിച്ചുമാണ് ഇടതുപക്ഷ സർക്കാർ മുന്നോട്ട് പോകുന്നത്. പ്രവാസികളോടുള്ള പ്രതിബദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ സാമ്പത്തിക വർഷത്തെ ബജറ്റ് എന്നും പ്രതിഭ പ്രസിഡന്റ് കെ എം സതീഷ്, ജനറൽ സെക്രെട്ടറി ലിവിൻ കുമാർ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.