രാഷ്ട്രീയം മറന്നുള്ള ഇടപെടൽ;പിതാവ് മരിച്ച മലയാളിക്ക് നാട്ടിലേക്ക് പോകാൻ കോവിഡ് പ്രോട്ടോക്കോൾ ഇളവ് ലഭിച്ചു

10829

രാജീവ് വെള്ളിക്കോത്ത് 
മനാമ: പിതാവിൻറെ മരണവിവരം അറിഞ്ഞ് നാട്ടിയ്ക്ക് പോകാൻ  പുതിയ കോവിഡ് നിയമം തടസ്സമായതോടെ പ്രവാസി മലയാളിയെ നാട്ടിലയക്കാൻ  ബഹ്‌റൈനിലെ സുമനസ്സുകൾ ഒത്തുചേരുകയും പ്രോട്ടോക്കോൾ ഇളവ് നേടുകയും ചെയ്തത് ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തനങ്ങളുടെ കൂട്ടായ്മയ്ക്ക് ഒരു പൊൻതൂവലായി. ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന തിരുവനന്തപുരം സ്വദേശിയായ ശരത് കുമാറിന്റെ പിതാവാണ്  ഇന്നലെ രാത്രി നാട്ടിൽ നിര്യാതനായത്. ഈ വിവരം ഇന്ന് പുലർച്ചെയാണ് ശരത്കുമാർ അറിയുന്നത്.

വിദേശ രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പോകുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈവശം വെക്കണമെന്ന നിയമം പ്രാബല്യത്തിൽ ഉള്ളതുകൊണ്ട് തന്നെ പിതാവിന്റെ അന്ത്യകർമ്മങ്ങളിൽ സംബന്ധിക്കാൻ കഴിയുമോ എന്നുള്ള ആശങ്കയിലായിരുന്നു ശരത്. എങ്കിലും കേന്ദ്ര സർക്കാരിന്റെ എയർ സുവിധയിൽ രജിസ്റ്റർ ചെയ്തു വെങ്കിലും പുതിയ നിയമപ്രകാരം രണ്ടോ മൂന്നോ ദിവസം കഴിഞാളെ പോകാൻ കഴിയുകയുള്ളൂ എന്ന മറുപടിയാണ്  അധികൃതരിൽ നിന്ന് ലഭിച്ചത്. തുടർന്ന് സുഹൃത്തായ ആരിഫ് മുഖേന സാമൂഹ്യ പ്രവർത്തകൻ ബഷീർ അമ്പലായിയെ ഇക്കാര്യം അറിയിക്കുകയായിരുന്നു. 

സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മയായ ബി കെ എസ് എഫിന്റെ രക്ഷാധികാരി കൂടിയായ ബഷീർ ഇക്കാര്യം bksf ഭാരവാഹികളുമായും പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരുമായി ചർച്ച ചെയ്യുകയും ചെയ്തു. ഉടൻ തന്നെ ട്രാവൽസ് സംബന്ധിച്ച നിയമപരമായ കാര്യങ്ങൾ സഹീർ ആളൂരും,എമ്പസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബഷീർ അമ്പലായിയും നോർക്കയും,കേരളാ  സർക്കാർ,നോർക്ക എന്നിവയുമായി  ബന്ധപ്പെട്ട് സുബൈർ കണ്ണൂരും രാവിലെ മുതൽക്കു തന്നെ ആശയവിനിമയം നടത്തിശരത്തിനെ നാട്ടിലയക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അതെ സമയം കേന്ദ്ര ഗവർമെന്റിന്റെ  ഭാഗത്തുനിന്നുള്ള  നിയമ പ്രശനങ്ങൾ നീക്കുന്നതിന് വേണ്ടി  പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്തും ഇടപെട്ടു. ബി കെ എസ്  എഫിലെ വ്യക്തിപരമായും രാഷ്ട്രീയപരമായും സ്വാധീനമുള്ള  ഓരോ  വ്യക്തികളും അവരവർക്ക് ആകാവുന്ന വിധത്തിൽ സർക്കാരുകൾക്ക്  ട്വിറ്റർ സന്ദേശങ്ങൾ അയച്ചും  ഈ ഒരു കാര്യത്തിനുവേണ്ടി  പ്രവർത്തിച്ചു. ബഹ്‌റൈൻ ഇന്ത്യൻ എംബസി ഇക്കാര്യത്തിൽ ത്വരിതഗതിയിലാണ് കാര്യങ്ങൾ നീക്കിയത്.

എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള സമ്മർദ്ദങ്ങൾ ശക്തമാവുകയും രഷ്ട്രീയം  മറന്നുള്ള ഇടപെടൽ നടക്കുകയും ചെയ്തതോടെ അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂലമായ നിലപാട് ഉണ്ടാവുകയും അതുവരെ വിമാനത്താവളത്തിൽ ആശങ്കയോടെ കാത്തുനിന്ന ശരത്തിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ നാട്ടിലേക്ക് വിമാനം കയറാനുള്ള  അധികൃതരുടെ അനുവാദം ലഭിക്കുകയായിരുന്നു. പിതാവിന്റെ മരണാനന്തര കർമങ്ങൾക്കായി പ്രത്യേക ഇളവ്  എന്ന നിലയ്ക്കാണ് ശരത്തിന് ഈ സാഹചര്യത്തിൽ ഇളവ് ലഭിച്ചിരിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ ഇങ്ങനെ ഒരു ഇളവ് നൽകണം എന്നുണ്ടെങ്കിലും സർക്കാരുകളുടെ നിയമങ്ങൾ പലപ്പോഴും ഉദ്യോഗസ്‌ഥരുടെ കൈകളിൽ എത്തുമ്പോൾ അത് പലപ്പോഴും വെളിച്ചം കാണാതെ ഇരിക്കുകയോ യഥാ സമയം  അർഹത പെട്ടവർക്ക് ലഭിക്കാതിരിക്കുകയോ ചെയ്യുന്നു. അത്തരം ഒരു സാഹചര്യത്തെയാണ് ബഹ്‌റൈനിലെ സാമൂഹ്യ കൂട്ടായ്‌മ ഇന്നത്തെ സംഭവത്തിലൂടെ ഇല്ലാതാക്കി എടുത്തിരിക്കുന്നത്.

ഇന്ത്യൻ എംബസിയുടെ തദവസരത്തിലുള്ള ഇടപെടലും ശക്‌തമായ രീതിയിൽ തന്നെ  സ്വാധീനമുള്ള എല്ലാവരുടെയും ഇടപെടൽ രാഷ്ട്രീയം മറന്ന് തന്നെ ഇക്കാര്യത്തിൽ ഉണ്ടായത് ശ്രദ്ധേയമാണെന്ന് പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു. പ്രത്യേകിച്ച് യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂർ മുൻപ്  കോവിഡ് നെഗറ്റിവ്,പി സി ആർ  ടെസ്റ്റുകൾ എടുക്കണമെന്നുള്ള നിയമം പ്രവാസികളെ  ആശങ്കപ്പെടുത്തുന്ന ഒരു നിയമമമാണെന്നും ഈ നിയമം ഒഴിവാക്കണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു. നാട്ടിൽ വിവാഹത്തിനും ഉത്സവങ്ങൾക്ക് പോലും ഇത്തരത്തിലുള്ള ഒരു നിയമവും ബാധകമല്ലെന്നിരിക്കെ പ്രവാസികളോടുള്ള സർക്കാരുകളുടെ അനീതിയെ പ്രവാസികൾ ഒന്നടങ്കം എതിർക്കുകയാണ്.