ബഹറിനിൽ കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് സഹായവുമായി കേരളീയ സമാജം

3134

മനാമ: ബഹറിൻ കേരളീയ സമാജത്തിൻ്റെ സാമൂഹ്യ സുരക്ഷ പദ്ധതികളിൽ ഉൾപ്പെടുത്തി കോവിഡ് രോഗ ബാധയെ തുടർന്ന് ബഹറിനിൽ മരണപ്പെട്ട മലയാളികൾക്ക് ബഹറിൻ കേരളീയ സമാജം ഒരു ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചു. പ്രവാസി സാമൂഹ്യപ്രവർത്തനരംഗത്തു മാതൃകയായി, ആദ്യമായാണ് ഒരു പ്രവാസി സംഘടന കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബത്തിന് സഹായ പ്രഖ്യാപനം നടത്തുന്നത്. കേന്ദ്ര കേരള സർക്കാരുകൾ പോലും ഇതുവരെ പ്രവാസികളുടെ മരണം മൂലം അനാഥരാക്കപ്പെടുന്ന അവരുടെ കുടുംബങ്ങൾക്ക് സഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ല .

കോവിഡ് രോഗത്തിൻ്റെ വ്യാപനത്തെ തുടർന്ന് മരണപ്പെട്ട മലയാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം സാമ്പത്തീക സഹായം നൽകുമെന്നും മരണപ്പെട്ട പലരുടെയും കുടുംബത്തിൻ്റെ അവസ്ഥകൾ വേദനാജനകമാണെന്നും, അത് മനസ്സിലാക്കിയാണ് ഈ തീരുമാനമെന്നും സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു

ശ്രീ.പി വി രാധാകൃഷ്ണപിള്ളയുടെ നേത്രത്വത്തിൽ ബഹറിൻ കേരളീയ സമാജം കോവിഡ് രോഗ വ്യാപനത്തിന് ശേഷം നടത്തി വരുന്ന നിരവധി ദുരിതാശ്വാസ പദ്ധതികളിലൊന്നാണ് സാമ്പത്തീക സഹായം. നിലവിൽ ബഹറിൻ കേരളീയ സമാജം മെംബർമാർക്ക് മരണാനന്തര സഹായമായി പത്ത് ലക്ഷം രൂപ നൽകി വരുന്നുണ്ട്.

മഹാമാരി മൂലമുണ്ടായ പ്രിതിസന്ധിയിൽ വരുമാന മാർഗം അടഞ്ഞ നിരവധി പ്രവാസികൾക്ക് ഭക്ഷ്യ വസ്തുക്കളുടെ വിതരണം നടത്തുവാനും, ചാർട്ടേഡ് വിമാനങ്ങൾ വഴി ഇതിനകം രണ്ടായിരത്തോളം വരുന്ന പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുവാനും സമാജത്തിനു കഴിഞ്ഞു

സാമ്പത്തീക പരാധീനതയുള്ള ,അർഹരായ മലയാളികൾക്ക് വേണ്ടി സൗജന്യ വിമാനയാത്രയും കഴിഞ്ഞ ദിവസം ശ്രീ. പി വി രാധാകൃഷ്ണപിള്ള പ്രഖ്യാപിച്ചിരുന്നു.