നാളെ (ജൂലൈ 8 ) സാഹിത്യകാരൻ കെ എൽ മോഹന വർമ്മയുടെ ശതാഭിഷേകം; വർമ്മാജി ആദ്യമായി എഴുതിയ കഥയെക്കുറിച്ച്

2005

എം ആർ അജയൻ

മലയാള സാഹിത്യത്തിൽ ഏതെങ്കിലും പ്രത്യേക വിഷയത്തെ ആസ്പദമാക്കി നോവൽ രചന ആരംഭിച്ചത് കെ എൽ മോഹനവർമയാണെന്ന് ഡോ .കെ എസ് രാധാകൃഷ്ണൻ ഗ്രീൻ കേരള ന്യൂസിനോട് പറഞ്ഞു. നീതി, ഓഹരി, ക്രിക്കറ്റ് തുടങ്ങിയ നോവലുകൾ അതിനു ഉദാഹരണങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരമൊരു സാഹിത്യശാഖ മോഹന വർമ്മയിലൂടെയാണ് മലയാളത്തിൽ തുടങ്ങിയതെന്നും കെ എസ് രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. മുൻ ധാരണയോടെ സാഹിത്യലോകത്ത് എത്തിച്ചേർന്ന വ്യക്തിയല്ല കെ എൽ മോഹനവർമ്മയെന്ന് എഴുത്തുകാരനായ കലൂർ ഉണ്ണികൃഷ്ണൻ പറഞ്ഞു.

എൺപത്തിയഞ്ചാം വയസിലേക്ക് പദമൂന്നിയ വർമ്മാജിയുടെ ശതാഭിഷേകമാണ് നാളെ (ജൂലൈ 8). ആയിരം പൂർണ ചന്ദ്രന്മാരെ കണ്ട നിറവിൽ അദ്ദേഹത്തിന്റെ ജീവിതം സംതൃപ്‌തമാവുന്നു. 1936 ജൂലൈ എട്ടിനു ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ അഡ്വ.എം ആർ കേരളവർമ്മയുടെയും ലക്ഷ്മകൂട്ടിയമ്മയുടെയും മകനായി വർമ്മാജി ജനിച്ചു.


ഇന്റർമീഡിയറ്റിനു പഠിക്കുന്ന കാലത്ത് അദ്ദേഹത്തിനു താൽപ്പര്യം സാഹിത്യത്തോടായിരുന്നില്ല.സ്പോർട്സിലായിരുന്നു. അക്കാലത്ത് അദ്ദേഹം ടേബിൾ ടെന്നീസ് താരമായിരുന്നു. ബികോം പാസ്സായ ഉടനെ അദ്ദേഹത്തിനു ജോലി കിട്ടി. ആദ്യത്തെ നിയമനം ഗ്വാളിയോറിലായിരുന്നു. പിന്നീട് ഇൻഡോർ, ജബൽപൂർ എന്നിവിടങ്ങളിലും. ഇക്കാലത്ത് ബാഡ്‌മിന്റണിലും, ഫുടബോളിലുമായിരുന്നു വർമ്മാജിയുടെ കമ്പം. അന്നും ഇന്നും അദ്ദേഹം സ്പോർട്സ് പ്രേമിയാണ്. മലയാള സാഹിത്യ ലോകത്ത് സ്പോർട്സ് പ്രേമിയായ സാഹിത്യകാരൻ വർമ്മാജിയായിരിക്കും .

എങ്ങനെയായിരുന്നു വർമ്മാജിയുടെ ആദ്യത്തെ കഥയുണ്ടായത് ?

എഴുത്ത് മേഖലയിൽ വർമ്മാജി എത്തിച്ചേർന്നത് യാദൃച്ഛികമായിട്ടായിരുന്നു. ഡൽഹിയിൽ വർമ്മാജി ജോലി നോക്കുന്ന കാലം. അന്ന് സ്പോർട്സിൽ മാത്രമായിരുന്നു താൽപ്പര്യം. ഒരു ദിവസം ഡൽഹിയിൽ സുഹൃത്തും കുടുംബവും വർമ്മജിയെ കാണാനെത്തി. അവർ ഒരുമിച്ച് മറ്റൊരു സുഹൃത്തിനെ കാണാൻ പോയി. യാത്രവേളയിൽ വർമ്മാജി കുറെ കഥകൾ പറഞ്ഞു. കൂടുതലും നർമ്മം കലർന്ന കഥകൾ. വൈകീട്ട് വർമ്മാജി അവരോടൊപ്പം ഭക്ഷണം കഴിക്കാനിരുന്നപ്പോൾ വീണ്ടും കഥകൾ പറയാൻ സുഹൃത്ത് ആവശ്യപ്പെട്ടു. ആദ്യം പറഞ്ഞ കഥകൾ തന്നെ മാറ്റങ്ങൾ വരുത്തി മറ്റൊരു രീതിയിൽ അവതരിപ്പിച്ചു. അതും അവർക്ക് ഇഷ്ടപ്പെട്ടു. കഥകൾ വളരെയേറെ നന്നായിരിക്കുന്നുയെന്നും ഇവ എഴുതി മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കാൻ അയച്ചു കൊടുക്കണമെന്ന് സുഹൃത്ത് ആവശ്യപ്പെട്ടു. വർമ്മാജി സമ്മതിച്ചു. എന്നാൽ സുഹൃത്തും കുടുംബവും തിരിച്ചു പോയതോടെ അക്കാര്യം വർമ്മാജി മറക്കുകയും ചെയ്തു.

രണ്ടാഴ്ച്ചയ്ക്കു ശേഷം ഒരു പകൽ നേരം. ഒരു ട്രങ്ക് കോൾ (ഫോൺ)വർമ്മജിയെ തേടി എത്തി.അന്ന് സന്ദർശിച്ച സുഹൃത്തായിരുന്നു ഫോണിന്റെ മറുതലക്കൽ. മാതൃഭൂമിയിലേക്ക് കഥ അയച്ചുവോ എന്നായിരുന്നു അനേഷണം. ഇല്ലായെന്ന വർമ്മാജിയുടെ മറുപടി കേട്ട് സുഹൃത്ത് നിരാശനായി. ഒട്ടും വൈകാതെ കഥ ഉടനെ മാതൃഭൂമിക്ക് അയക്കണമെന്ന് സുഹൃത്ത് നിർബന്ധിച്ച ശേഷം ഫോൺ സംഭാഷണം അവസാനിപ്പിച്ചു.

രണ്ടാഴച്ചക്കു ശേഷം രണ്ടു മൂന്നു മണിക്കൂർ കാത്തിരുന്ന് ട്രങ്ക് കോൾ ബുക്ക് ചെയ്ത് സുഹൃത്ത് ഇക്കാര്യം പറയണമെങ്കിൽ തന്റെ കഥയിൽ കഴമ്പുണ്ടെന്ന് വർമ്മാജിക്ക് തോന്നി.അന്നു രാത്രയിൽ വർമ്മാജി തന്റെ ആദ്യത്തെ കഥയായ “ദൈവം “കടലാസിലെഴുതി അടുത്തദിവസം സ്വന്തം മേല്വിലാസമെഴുതിയ ഒരു കവർ സഹിതം മാതൃഭൂമിക്ക് അയച്ചു. തുടർന്ന് കഥ എഴുത്തിൽ കമ്പം കയറിയതിനാൽ രണ്ടാമതൊരു കഥ കൂടി വർമ്മാജി എഴുതി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ മാതൃഭുമിയിലേക്ക് അയച്ച കഥ തപാലിൽ തിരികെ വന്നു. കഥ പ്രസിദ്ധീകരിക്കാൻ സാധിക്കാത്തതിലുള്ള ഖേദിക്കുറിപ്പോടെ. പക്ഷെ വർമ്മാജിയുടെ ഉള്ളിൽ ജ്വലിക്കപ്പെട്ട താൽപ്പര്യം വീണ്ടും എഴുതാൻ പ്രചോദിപ്പിച്ചു.കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ മാതൃഭൂമി തിരിച്ചയച്ച കഥ മലയാള രാജ്യം വാരികയ്ക്ക് അയച്ചു. രണ്ടാമത് എഴുതിയ “പാരസമണി “എന്ന കഥ മാതൃഭൂമിക്ക അയച്ചു കൊടുത്തു. പത്ത് ദിവസങ്ങൾക്കു ശേഷം മാതൃഭൂമിയിൽ നിന്നും ഒരു കത്ത് വന്നു.ആ കത്തിലെ വാചകങ്ങൾ ഇങ്ങനെയായിരുന്നു.താങ്കളുടെ “പാരസമണി ” എന്ന കഥ താമസിയാതെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്നതാണ്. ആ കത്തിൽ വർമ്മാജിയെ അത്ഭുതപ്പെടുത്തിയ ഒരു വാചകമുണ്ടായിരുന്നു. അതിങ്ങനെ:

“മലയാളരാജ്യം വാരികയിൽ താങ്കളുടെ പേരിൽ ഒരു കഥ അച്ചടിച്ച് വന്നിട്ടുണ്ട്. നല്ല കഥയാണ്. അത് താങ്കൾ തന്നെ എഴുതിയതാണോ.”

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ “പാരസമണി ” എന്ന കഥ മാതൃഭൂമിയിൽ അച്ചടിച്ചു വന്നു. അടുത്ത ദിവസം ഡൽഹിയിലെ സുഹൃത്തും കഥാകൃത്തുമായ എസ്‌ വി ഉണ്ണികൃഷ്ണന്റെ കത്ത് വർമ്മാജിക്ക് കിട്ടി. താങ്കളുടെ ആദ്യത്തെ കഥയാണെന്ന് പറഞ്ഞപ്പോൾ ആരും വിശ്വസിക്കുന്നില്ലെന്നായിരുന്നു കത്തിലെ ഉള്ളടക്കം. അതോടെയാണ് വർമ്മാജി ഒരു കഥാകാരനാവുന്നതും എഴുത്തിലേക്ക് സജീവമായതും. 79 ഗ്രന്ഥങ്ങൾ രചിച്ച കെ എൽ മോഹന വർമ്മ ഇനിയുള്ള കാലങ്ങളിൽ കഥയും നോവലുകളും എഴുതില്ലെന്ന് പറഞ്ഞു. അതിനു കാരണം കഥകളും നോവലുകളും വായിക്കുന്നവരുടെ എണ്ണം വളരെക്കുറഞ്ഞതുകൊണ്ടാണെന്ന് ഈ ലേഖകനോട് പറഞ്ഞു. മോഹനവർമ്മയും മാധവിക്കുട്ടിയും ചേർന്ന് അമാവാസിയെന്ന നോവൽ എഴുതുകയുണ്ടായി. ഓഹരി എന്ന നോവലാണ് വർമ്മാജിയുടെ സൂപ്പർ ഹിറ്റായ നോവൽ