ബെവ്‍ ക്യൂ ആപ്പിന് പിന്നില്‍ അഴിമതി: രമേശ് ചെന്നിത്തല

8827

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈനായി മദ്യം വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ബെവ്‍ ക്യൂ ആപ്പിന് പിന്നില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആപ്പ് ഉണ്ടാക്കാൻ ഐടി മിഷനോ സിഡിറ്റിനോ എളുപ്പത്തിൽ കഴിയുമായിരുന്നു. എന്നിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒഴിവാക്കി മൊബൈൽ ആപ്പ് ഉണ്ടാക്കാൻ അനുവാദം നൽകിയത് മാർക്സിസ്റ്റ് പാർട്ടിയുടെ സഹയാത്രികര്‍ക്കാണെന്നും ചെന്നിത്തല ആരോപിച്ചു. നടപടി റദ്ദാക്കി സർക്കാർ ഇക്കാര്യം ഗൗരവപൂർവ്വം അന്വേഷിക്കണം. അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ആപ്പ് വൈകുന്നത് മുന്‍പരിചയമില്ലാത്തവരെ ഏല്‍പിച്ചതിനാലാണെന്നും അദ്ദേഹം ആരോപിച്ചു. സ്പ്രിംക്ലറില്‍ ഓഡിറ്റ് വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വ്യക്തികളുടെ ആരോഗ്യവിവരങ്ങള്‍ നശിപ്പിച്ചെന്ന വാദം വിശ്വസിക്കാനാകില്ല. ഐടി വകുപ്പ് അഴിമതി കൊടികുത്തി വാഴുന്ന ഇടമായെന്നും അദ്ദേഹം പറഞ്ഞു.

ആപ്ലിക്കേഷൻ നിർമ്മിക്കുന്ന സോഫ്റ്റ്‌വെയർ കമ്പനിയുമായി സിപിഎമ്മിന് ബന്ധമുണ്ടെന്നത് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണെന്നും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി. സോഫ്റ്റുവെയർ കമ്പനിയെ തിരഞ്ഞെടുത്തത് ഐടി വകുപ്പാണ്, എക്സൈസ് വകുപ്പല്ല. ഈ കമ്പനിക്ക് ഇതിനുള്ള ശേഷിയുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് ഈ തിരഞ്ഞെടുപ്പ് നടന്നതെന്നും മന്ത്രി വിശദീകരിച്ചു.