ബംഗാളിലെ ഡോക്ടർമാരുടെ സമരം: തിങ്കളാഴ്ച്ച ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്കുന്നു

4832

ബംഗാളിലെ ഡോക്‌ടർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 17ന് ഡോക്‌ടർമാരുടെ ദേശീയ പണിമുടക്ക്. ഡോക്‌ടർമാരുടെ സംഘടനയായ ഐഎംഎ യാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കു രോഗിയുടെ ബന്ധുക്കളില്‍ നിന്നു മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ പ്രിതിഷേധിച്ചാണ്‌ സമരം തുടങ്ങിയത് .തിങ്കളാഴ്ച രാത്രിയാണ് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയായ എന്‍.ആര്‍.എസില്‍ പ്രവേശിപ്പിച്ച രോഗി മരിച്ചതും തുടര്‍ന്നു ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറായ പരിബാഹ മുഖര്‍ജിയെ ക്രൂരമായി മര്‍ദ്ദിച്ചതും. ആക്രമണത്തില്‍ പരിബാഹയുടെ തലയോട്ടിക്കു പൊട്ടലേറ്റു. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

രോഗിയുടെ ബന്ധുക്കള്‍ ക്രൂരമായി ഡോക്ടറെ മര്‍ദ്ദിച്ചിട്ടും അത് കണക്കിലെടുക്കാതെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയാണ് വിവാദമായത്. സമരം നടത്തുന്ന ഡോക്ടര്‍മാരോടു നാലു മണിക്കൂറിനുള്ളില്‍ സമരം നിര്‍ത്തിവെച്ച് ജോലിക്കു കയറണമെന്നും അല്ലാത്തപക്ഷം ഹോസ്റ്റലുകള്‍ ഒഴിയേണ്ടി വരുമെന്നുമാണ് മമത പറഞ്ഞത്.
സമരം രാജ്യത്തെ എയിംസ് അടക്കമുള്ള മറ്റ് മെഡിക്കല്‍ കൊളജുകളിലേക്കും വ്യാപിച്ചു ശക്തമാകുമ്പോൾ കൊല്‍ക്കത്തയിലെ രണ്ട് മെഡിക്കല്‍ കോളജുകളില്‍ നിന്നായി 71 ഡോക്ടര്‍മാര്‍മാര്‍ രാജി വെച്ചു.
അതിനിടയിൽ ഡോക്ടര്‍മാരുടെ സമരത്തെ അഭിമാനപ്രശ്‌നമാക്കി എടുക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ മമതയോട് അഭ്യര്‍ത്ഥിച്ചു . ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.