പിസ്തയുടെ ഗുണങ്ങൾ

222

പിസ്താ രുചികരമായ ഒരു നട്സ് മാത്രമല്ല. ആരോഗ്യഗുണങ്ങളും ഏറെയുള്ളതാണ്. ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീന്റെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയാണ് പിസ്ത. ഒരു ഔൺസ് അതായത് ഏതാണ്ട് 28 ഗ്രാം പിസ്തയിൽ 156 കാലറി ഉണ്ട്. കൂടാതെ അന്നജം, നാരുകൾ, പ്രോട്ടീൻ, പൊട്ടാസ്യം, ഫോസ്ഫറസ്, ജീവകം ബി 6, തയാമിൻ, കോപ്പർ, മാംഗനീസ് ഇവയും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹീമോ ഗ്ലോബിന്റെ ഉൽപാദനത്തിനും പ്രധാനമായ ജീവകം ബി 6 ഏറ്റവും കൂടുതൽ അടങ്ങിയ നട്സ് ആണിത്.

 കണ്ണുകളുടെ ആരോഗ്യം
പിസ്തയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ ഉണ്ട്. ല്യൂട്ടിൻ, സീസാന്തിൻ എന്നീ ആന്റീ ഓക്സിഡന്റുകൾ മറ്റ് നട്സുകളിൽ ഉള്ളതിനെക്കാളധികം പിസ്തയിൽ ഉണ്ട്. കണ്ണുകളുടെ ആരോഗ്യത്തിന് ഇത് പ്രധാനമാണ്. നീല വെളിച്ചം ഏൽക്കുന്നതു മൂലമുണ്ടാകുന്ന തകരാറുകളിൽ നിന്നും മാക്യുലാർ ഡീജനറേഷനില്‍ നിന്നും പിസ്ത സംരക്ഷണമേകുന്നു.

ശരീരഭാഗം കുറയ്ക്കാം
സാധാരണ നട്സുകൾ കാലറി കൂടിയവയാണ്. എന്നാൽ പിസ്തയിൽ കാലറി കുറവാണ്. പിസ്തയിൽ നാരുകളും പ്രോട്ടീനും ധാരാളമുള്ളതിനാൽ വയർ നിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാക്കും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച ഭക്ഷണമാണ്.

ഹൃദയത്തിന്
പിസ്തയിൽ ആന്റി ഓക്സിഡന്റുകളായ ടോക്കോഫെറോളും പോളിഫിനോളും ഉണ്ട്. പിസ്തയിലെ ആന്റി ഓക്സിഡന്റുകൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു, രക്ത സമ്മർദം മെച്ചപ്പെടുത്തുന്നു. അങ്ങനെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

ഉദരാരോഗ്യം
പിസ്തയിലെ നാരുകൾ ദഹനത്തിനു സഹായിക്കുന്നു. ഉദരത്തിലെ ബാക്ടീരിയ നാരുകളെ ഫെർമെന്റ് ചെയ്യുകയും ഇവയെ ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകളാക്കി മാറ്റുകയും ചെയ്യും. ഇത് ദഹനപ്രശ്നങ്ങൾ അകറ്റുന്നു. കാന്‍സറും ഹൃദ്രോഗവും വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു. പുരുഷന്മാരിൽ ഉദ്ധാരണ പ്രശ്നങ്ങൾ പരിഹരിക്കാൻ പിസ്ത സഹായിക്കും. കാർബോ ഹൈഡ്രേറ്റ് ധാരാളം ഉണ്ടെങ്കിലും പിസ്തയ്ക്ക് വളരെ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ആണുള്ളത്. അതുകൊണ്ട് രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടില്ല.

പിസ്തയെപ്പറ്റി ചില തെറ്റിദ്ധാരണകൾ ഉണ്ട്. അതുകൊണ്ട് അവർ ഇതിനെ ഒഴിവാക്കും. പിസ്ത തടി കൂട്ടും എന്നാണ് ചിലർ കരുതുന്നത്. എന്നാൽ യഥാർഥത്തിൽ #ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയാണ് പിസ്ത. സോഡിയം കൂടുതലുണ്ട് എന്നതാണ് മറ്റൊരു തെറ്റിദ്ധാരണ. ഉപ്പ് ചേർത്ത പിസ്ത സോഡിയത്തിന്റെ അളവ് കൂട്ടും. അതുകൊണ്ടു തന്നെ ഉപ്പില്ലാത്ത (unsalted) പിസ്ത കഴിക്കാൻ ശ്രദ്ധിക്കണം. പിസ്ത കഴിച്ചാൽ വിശപ്പു കെടും എന്നാണ് ചിലർ കരുതുന്നത്. എന്നാൽ ആരോഗ്യഭക്ഷണങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പിസ്ത ഒരു മികച്ച ചോയ്സ് ആണ്. ഭക്ഷണത്തിനു തൊട്ടു മുൻപ് കഴിക്കാതെ പ്രധാന ഭക്ഷണങ്ങളുടെ ഇടവേളയിൽ ദിവസവും ഒരു ഔൺസ് അല്ലെങ്കിൽ അര ഔൺസ് പിസ്ത കഴിക്കാം