അവിനാശി അപകടത്തെക്കുറിച്ച് അന്വേഷിച്ച ആർടിഒയുടെ റിപ്പോർട്ട് ഇന്ന് ഗതാഗത കമ്മീഷണർക്ക് കൈമാറും.

13355

തിരുവനന്തപുരം: അവിനാശി അപകടത്തെക്കുറിച്ച് അന്വേഷിച്ച മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് ആർടിഒയുടെ റിപ്പോർട്ട് ഇന്ന് ഗതാഗത കമ്മീഷണർക്ക് കൈമാറും. കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ കണ്ടെത്തൽ. അപകടസ്ഥലത്തെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് റിപ്പോ‍ർട്ട് തയാറാക്കിയത്.

അപകടത്തെക്കുറിച്ചുള്ള കെഎസ്ആർടിസിയുടെ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. പരിശോധനകൾക്കായി തിങ്കളാഴ്ച അവിനാശിയിൽ നിന്നും ബസ് ഏറ്റെടുക്കും. കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ ബംഗളൂരുവിൽ നിന്നു വരികയായിരുന്ന കെഎസ്ആര്‍ടിസി വോൾവോ ബസിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി ഇടിച്ചു കയറുകയായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ 3.15 മണിയോടെ അവിനാശിയില്‍ ദേശീയപാതയില്‍ വച്ചാണ് അപകടം ഉണ്ടായത്. കേരളത്തില്‍ നിന്നു ടൈല്‍സ് കയറ്റി വരികയായിരുന്നു ലോറി. ലോറി ഇടിച്ചു ബസിന്‍റെ ഒരു വശത്തേക്ക് മറിഞ്ഞതാണ് മരണസംഖ്യ വർധിക്കാന്‍ കാരണമായത്