സൗദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില വർധിച്ചു

114

റിയാദ്:സൗദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില ബാരലിന് പതിനൊന്ന് ഡോളറിലേറെ വര്‍ധിച്ചു. നാല് മാസത്തെ റെക്കോര്‍ഡ് മറികടന്ന് പതിനൊന്ന് മുതല്‍ 19 ശതമാനം വരെ വില വര്‍ധനവാണ് എണ്ണ വിലയിലുണ്ടായത്. ഓഹരി വിപണിയും തകര്‍ച്ച നേരിടുന്നുണ്ട്.

ശനിയാഴ്ചയാണ് സൗദി അരാംകോയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നത്. ലോകത്തെ ഏററവും വലിയ എണ്ണ സംസ്കരണ പ്ലാന്റായ അരാംകോയുടെ അബ്ഖൈഖ് പ്ലാന്റിലും, ഖുറൈസിലെ എണ്ണപ്പാടത്തുമാണ് ഡ്രോണുകള്‍ പതിച്ചത്. ഇതേ തുടര്‍ന്ന് പ്ലാന്റ് ഭാഗികമായും താല്‍ക്കാലികമായും അടച്ചിടേണ്ടി വന്നതോടെ സൌദിയുടെ ഉത്പാദനമിടിഞ്ഞിരുന്നു. പത്ത് ദശലക്ഷം ബാരല്‍ വരെ ഓരോ ദിവസവും ആഗോള വിപണിയിലേക്ക് ഒഴുകിയിരുന്നു.

ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഉത്പാദനം തടസ്സപ്പെട്ടതോടെ ആഗോള വിപണിയിലേക്ക് 5.7 ദശലക്ഷം ബാരലിന്റെ കുറവ് സൌദിയില്‍ നിന്നുണ്ടായി. അതായത് ആഗോള വിപണിയില്‍ നേരിട്ടത് ആറ് ശതമാനം വരെ എണ്ണയുടെ കുറവുണ്ടായി. പ്രശ്നം പരിഹരിക്കാന്‍ സമയമെടുക്കും.