നിയമസഭയിൽ ആക്രമണം നടത്തിയവർക്കെതിരെയുള്ള കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി

46918

ഡൽഹി: നിയമസഭക്കകത്തു എംഎൽഎമാർ ആക്രമണ കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് അറിയിച്ച കോടതി എല്ലാ രേഖകളും പരിശോധിക്കണമെന്നും കേസ് പരിഗണിക്കവേ വ്യക്തമാക്കി. ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് എംഎൽഎമാർ ശ്രമിച്ചത്. കേരളാ നിയമസഭയിൽ നടന്നത് പോലെ പാർലമെന്റിലും നടക്കുന്നുണ്ട്. ഇത്തരം നടപടിയോട് യോജിക്കാൻ കഴിയില്ലെന്നും ഇതിലൊരു തീരുമാനമെടുക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചു.

പ്രതികൾ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. കേസ് തീർപ്പാക്കാൻ അനുമതി നൽകണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം

മാപ്പർഹിക്കാത്ത പെരുമാറ്റമാണ് സഭയിൽ എംഎൽഎമാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. മൈക്ക് വലിച്ചൂരി തറയിലെറിഞ്ഞ എംഎൽഎമാർ വിചാരണ നേരിടുക തന്നെ വേണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കേസ് പരിഗണിക്കവേ പരാമർശിച്ചു. സർക്കാരിന് ഏകപക്ഷീയമായി കേസ് അവസാനിപ്പിക്കാൻ കഴിയില്ല. ഇത്തരം കാഴ്ചകൾ എന്ത് സന്ദേശമാണ് നൽകുന്നതെന്നും കോടതി ആരാഞ്ഞു.

അഴിമതി നടത്തിയ മന്ത്രിക്കെതിരെയുള്ള പ്രതിഷേധമാണ് നിയമസഭയിൽ നടന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. അഴിമതിക്കാരനായ അന്നത്തെ ധനകാര്യമന്ത്രി കെ.എം.മാണിക്കെതിരെയുള്ള പ്രതിഷേധമായിരുന്നു സഭയിൽ ഉണ്ടായത്. പ്രതിഷേധിക്കാൻ അംഗങ്ങൾക്ക് അവകാശമുണ്ടെന്നും സർക്കാർ കോടതിയിൽ വാദിച്ചു.സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്നും നയപരമായ തീരുമാനത്തിൽ കോടതി ഇടപെടരുത് എന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രധാന വാദം. കേസ് വിശദമായി 15 ന് പരിഗണിക്കും

കേസിലെ പ്രതികളായ വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെടി ജലീൽ എന്നിവരും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു ഇവരുടെ ഹർജിയിലെയും ആവശ്യം. എല്ലാ ഹർജികളും ഒന്നിച്ചാണ് കോടതി ഇന്ന് പരിഗണിച്ചത്.