അസി.എസ് ഐ യുടെ ആത്മഹത്യ :എസ് ഐ രാജേഷിനെ സസ്പെന്റ് ചെയ്യണമെന്ന് എസ്ഡിപിഐ

132

ആലുവ: തടിയിട്ട പറമ്പ് അസി.എസ് ഐ.യായിരുന്ന പി.സി. ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ എസ്.ഐ രാജേഷിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്ത് സസ്പെന്റ് ചെയ്യണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യെ പ്പെട്ടു.ബാബുവിന്റെ മരണത്തിന് ഉത്തരവാദി എസ്.ഐ.രാജേഷാണെന്ന് വ്യക്തമായിരിക്കെ അദ്ദേഹത്തെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയത് കേസിൽ നിന്നും രക്ഷപ്പെടുത്താനാണ്.

ഒന്നര വർഷത്തിനിടക്ക് പോലീസ് സേനയിൽ ജില്ലയിൽ നടന്ന നാലാമത്തെ ആത്മഹത്യയാണ് ബാബുവിന്റേത്.ചെങ്ങമനാട് സ്റ്റേഷനിലെ എ.എസ്.ഐ.പൗലോസ് ജോൺ ഈ മാസം എട്ടിനാണ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചത്.എറണാകുളം നോർത്ത് സ്റ്റേഷനിലെ പ്രൊബേഷനറി എസ്.ഐ.ഗോപകുമാർ മേലുദ്യോഗസ്ഥരുടെ പീഢനമാണ് കാരണമെന്ന് എഴുതി വച്ച ശേഷമാണ് ലോഡ്ജ് മുറിയിൽ ആത്മഹത്യ ചെയ്തത്. കടവന്ത്ര എ.എസ്.ഐ.തോമസ് ആത്മഹത്യ ചെയ്തതും ഇതേ കാരണം കൊണ്ടാണ്.

മേലുദ്യോഗസ്ഥരുടെ പീഢനമാണ് ഇവരുടെയെല്ലാം മരണകാരണമെന്ന് വ്യക്തമായിട്ടും ഈ സംഭവങ്ങളിലൊന്നും കാര്യമായി അന്വേഷണം നടത്താനോ കുറ്റക്കാരെ ശിക്ഷിക്കാനോ തയ്യാറായിട്ടില്ല. ഉന്നതോദ്യോഗസ്ഥന്റെ പീഢനം മൂലം എറണാകുളം സെൻട്രൽ സ്റ്റേഷൻ എസ് എച്ച് ഒ നവാസ് നാട് വിട്ടത് എറെ വിവാദമായിരുന്നു.

പോലീസ് സേനയെ അടിമുടി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഒരു വശത്ത് കീഴ് ഉദ്യോഗസ്ഥരെ പീഢിപ്പിക്കുമ്പോൾ മറുവശത്ത് പോലീസിന്റെ പീഢനം ജനങ്ങൾക്കെതിരെയാണ്. കേസ് അന്വേഷണങ്ങളുടെ മറവിൽ നിരപരാധികൾക്കെതിരെ പോലീസ് രാജാണ് പലപ്പോഴും നടക്കുന്നത്.
വരാപ്പുഴ, നെടുങ്കണ്ടം കസ്റ്റഡി മരണക്കേസുകളിൽ അവസാനം ഉന്നത ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചത്. പിണറായി സർക്കാറിന്റെ തലതിരിഞ്ഞ അഭ്യന്തര നയമാണ് പോലീസിനെ നശിപ്പിച്ചത്.

പോലീസിലെ ക്രിമിനലുകളെ പുറത്താക്കാൻ സർക്കാർ തയ്യാറാകണം. പോലീസിനെ ആധുനിക വൽക്കരിക്കുന്നതിനും ജനകീയമാക്കുന്നതിനും നിയമനിർമ്മാണം നടത്തണമെന്നും എസ് ഡി പി ഐ എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ഷെമീർ മാഞ്ഞാലി അധ്യക്ഷത വഹിച്ചു .വി .എം ഫൈസൽ, അജ്മൽ കെ മുജീബ്, ഷീബ സഗീർ,ബാബു വേങ്ങൂർ, നാസർ എളമന,സുധീർ ഏലൂക്കര, ഷാനവാസ് പുതുക്കാട് എന്നിവർ പങ്കെടുത്തു.