അരങ്ങിൽ ദൃശ്യവിസ്മയമൊരുക്കി ബഹ്‌റൈൻ പ്രതിഭ

9070

റോക്കറ്റ് വേഗതയിലോടുന്ന ചില മനുഷ്യ കൂട്ടത്തിന് ചരിത്രത്തിൽ നിന്ന് ഞങ്ങൾക്കൊന്നും പഠിക്കാനില്ല എന്ന ഭാവമാണ്. അഥവാ ചരിത്രപരമായ കാര്യങ്ങളുടെ വർത്തമാനം തുടങ്ങുമ്പോൾ അവർ മുഷിപ്പിന്റെ കോട്ട വായ് ഇടുകയായി, ഒന്ന് ദൂരെ പോകു എന്ന് അവരുടെ അന്തരംഗം പിറുപിറുക്കലായി. രാവേറെ വൈകി എന്തിനാണ് ചരിത്രം വിളമ്പുന്നത് എന്നവർ ചോദിക്കുകയായി. ആർക്ക് വേണം നിങ്ങൾ പറയുന്ന പഴയ കാലത്തിന്റെ പോരാട്ട കഥകൾ,ചോര പൊടിയുന്ന ഒരു അധ്യായവും ഞങ്ങൾക്ക് കേൾക്കേണ്ടതില്ല ,കൊണ്ടു പോകുക ഞങ്ങളുടെ കൺവെട്ടത്തിൽ നിന്ന് സകല അദ്ധ്വാന വർഗ സിദ്ധാന്തങ്ങളും. മനുഷ്യർ വ്യാഴ ഗ്രഹത്തിൽ പാർപ്പുറപ്പിക്കാൻ ശ്രമിക്കുന്ന ഏറ്റവും വികസിതമായ ഈ കാലത്തിലാണോ 1902 ലെ ഒരു പഴഞ്ചൻ കഥയുമായി ഇറങ്ങി വന്നിരിക്കുന്നത്.

ഈ ചിന്തകളുള്ളവരോട് ഇന്ന് ലോകം കാണുന്ന വികസനം മനുഷ്യ അദ്ധ്വാനത്തിന്റെയും നിരവധിയായ സമരങ്ങളുടെയും നാളുകൾ താണ്ടിയ വിമോചന പാതകളിൽ നിന്നും ഉയിർ കൊണ്ടതാണെന്ന് പറഞ്ഞാൽ അവർ നിങ്ങളെ “അയ്യോ പാവം” എന്ന സഹതാപ പൂർണ്ണമായ ഒരു നേട്ടത്തിൽ ഇല്ലാതാക്കി കളയും. തൊലിക്ക് ഇക്കിളി കൂട്ടുന്നതും, ശരീരങ്ങളെ വിറങ്ങലിപ്പിച്ചാടിക്കുന്ന ഒച്ചവെച്ച പാട്ടുകളുമായി നമുക്ക് ഹാളിലും തെരുവിലും നിറയാം എന്നതാണ് പുതിയ കലാവാദികളുടെ മതമെന്ന് തോന്നുന്നു. ഞങ്ങൾക്ക് സഹിക്കാനും ചിന്തിക്കാനും സമയമില്ല എളുപ്പം വിളമ്പി തരു എന്നൊരു മനോഗതിയാണ് പുതുതലമുറയെ ഗ്രസിച്ചതെന്ന് തോന്നുന്നു.

ചിന്തകളും നിലപാടും ഇല്ലാത്ത ഒരു തലമുറയെ വരേണ്യവർഗത്തിന്റെ കൈകളിലെ കോടാലി കൈകളാക്കാൻ എന്താരെളുപ്പമാണ്. പഞ്ചാബിലെ ഗോതമ്പ് വയൽ തീർത്ത കർഷകരിലെ യുവതലമുറ പാടങ്ങളിൽ നിന്നും സ്വയം പുറന്തള്ളപ്പെട്ട് ലഹരിയുടെ മായാവലയത്തിൽ ഉറങ്ങുകയാണെന്നത് ഇടക്കാലത്ത് ഇന്ത്യ കേട്ട ദുഃഖ പൂർണമായ വാർത്തയാണ്.

ഇക്കഴിഞ്ഞ ദിനം കേരളീയ സമാജത്തിൽ നിറഞ്ഞ സദസിൽ പ്രതിഭ അവതരിപ്പിച്ച മാർക്സിം ഗോർക്കിയുടെ റഷ്യൻ വിപ്ലവത്തിന് സഹായകരമായി എന്ന വിശേഷിപ്പിച്ച നോവൽ “അമ്മയുടെ ” നാടകാവിഷ്ക്കാരം കാണാനിടയായി. പതിനാലാമത്തെ നാടകം ചരിത്രപരമായ ഒന്നാകാൻ സംഘാടകരെ പ്രേരിപ്പിച്ചത് എന്താവാം എന്ന ചിന്തയിൽ നിന്നാണ് മേൽ എഴുതിയ വരികൾ പിറവിയെടുത്തത്.

അധിനിവേശ സേനയുടെ ഇറാഖ് യുദ്ധ കാലം . കബന്ധങ്ങൾക്കിടയിലുടെ യുദ്ധ വാർത്തകൾക്കായ് നടക്കുമ്പോൾ വിറങ്ങലിച്ചു പോയ പച്ച മനുഷ്യരായ ചില പത്രപ്രവർത്തകർ. അവർ ചിന്തിച്ച് പോയത് സോവിയറ്റ് യൂണിയൻ നില നിന്നിരുന്നെങ്കിൽ എകപക്ഷീയമായ ഈ യുദ്ധം ഒഴിവാക്കപെടാമായിരുന്നു എന്നായിരുന്നെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആ രാജ്യം ലോകത്ത് ഉയിർ കൊള്ളാൻ ഇടയായ സാഹചര്യം വിശദമാക്കുന്ന കൃതിയായിരുന്നു ഗോർക്കിയുടെ “അമ്മ” കൽക്കരി ഫാക്ടറിയിലെ യുവാക്കളായ തൊഴിലാളികൾ മുതലാളിയുടെ ചൂഷണത്തിനെതിരെ പ്രതികരിക്കാൻ സംഘടിക്കുന്നതും ഉല്പാദന ഉപാധികൾ കൈയടക്കി വെച്ച അധികാരി വർഗം അതിനെ തല്ലിക്കെടുത്താൻ ശ്രമിക്കുന്നതുമാണ് ഈ നാടകത്തിന്റെ ശരീരം. യുവാക്കളെ തടവറയിൽ ഇട്ട് കൊണ്ട് സമരം അവസാനിപ്പിക്കാം എന്ന അധികാരത്തിന്റെ അഹന്തക്കേറ്റ തിരിച്ചടിയായിരുന്നു തൊഴിലാളികൾ സംഘടിപ്പിച്ച മെയ് ദിന റാലി, ഒരേ സമയം ക്രിസ്തുവിന്റെ പാതയിലൂടെ സഞ്ചരിക്കുകയും മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ഭർത്താവിൽ നിന്നും ഉപദ്രവം എൽക്കുകയും ചെയ്യുന്ന നിലോവ്നയെന്ന അമ്മയാണ് ഈ നാടകത്തിലെ താരം. സമര നായകനായ സ്വന്തം മകൻ പാവേൽ ജയിലിലടക്കപ്പെടുമ്പോൾ, പിന്നെ അവനെ നാടുകടത്തപെടുമ്പോളും അത് വരെ മകന്റെ ചെയ്തികളിൽ ആശങ്ക പൂണ്ട ആ അമ്മ അവന്റെ സമര സഖാക്കൾക്ക് ഊർജജമായി വർത്തിക്കുകയാണ്.

അമ്മമാർക്കെന്നും കണ്ണീരാണെന്നും, എന്നാൽ നിരന്തരമായി അനുഭവപ്പെടുന്ന കണ്ണീരണിഞ്ഞ പീഢാനുഭവങ്ങളിൽ നിന്നും ശാക്തീകരിക്കപ്പെട്ടവളാണ് സ്ത്രീയെന്നും ഗോർക്കിയുടെ നോവലിന്റെ സത്ത ചോരാതെ നാടകം പറഞ്ഞു വെക്കുന്നു. പ്രഹസനമായ വിചാരണയുടെ ചിരിയും ചിന്തയും പടർത്തുന്ന ഒരു രംഗമുണ്ട് ഈ നാടകത്തിൽ. നടക്കാൻ പോലും വയ്യാതെ മുത്ത് നരച്ച് വരുന്ന നീതീ പീഠം പുറത്ത് നിന്ന് എഴുതി നൽകുന്ന വിധി വായിച്ച് കേൾപ്പിക്കുകയാണ്. ഈ വിചാരണ ഞങ്ങൾ അംഗീകരിക്കില്ല എന്ന് പറയുന്ന രാഷ്ടീയ തടവുകാർ ലോകത്തെല്ലായിടത്തും എന്നും വാർദ്ധക്യ രോഗം പേറുന്നതാണ് നീതി പീഠമെന്ന് ചൂണ്ടി കാണിക്കുകയാണ്. പറയാതെ പോകുന്ന പ്രണയമുണ്ട് അമ്മയിൽ.

ഇതിലെ ഓരോ സ്ത്രീയും പുരുഷാധിപത്യത്തിന്റെ നുകങ്ങളിൽ നിന്നും വിമോചിക്കപ്പെട്ടവരാണ്. തങ്ങളുടെ സ്വപ്നമായ ഒരു രാഷ്ട്ര നിർമ്മിതിക്ക് പുരുഷനൊപ്പം തോൾ ചേർന്ന് നിൽക്കുകയാണവർ. (പുറത്ത് സ്ത്രീ ശാക്തീകരണം സംസാരിക്കുകയും അകത്ത് ഏറ്റവും പഴഞ്ചനായി തുടരുകയും ചെയ്യുന്ന ആധുനിക കാലത്തെ പുരോഗമികളെ ഓർത്തെടുക്കുമ്പോൾ പുച്ഛം തോന്നിക്കാൻ ഈ നാടകം ധാരാളം മതിയാകും) ചെറുപ്പക്കാർ മാത്രമാവില്ല സമൂഹത്തിന്റെ ചാലകശക്തിയെന്നും അതിൽ നിന്ദിതരും പീഡീതരുമായ വൃദ്ധർക്കും വലിയ സ്ഥാനമുണ്ടെന്ന് പറയുന്നതിനൊപ്പം യുവത തന്നെയാവണം മാറ്റങ്ങൾക്ക് മുന്നണി പോരാളികളായ് നില കൊണ്ടേതെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട് അമ്മ.

അസ്വാതന്ത്ര്യത്തിന്റെയും അസമത്വത്തിന്റെയും നാളുകൾ മനുഷ്യരാശി തച്ചുടക്കുക തന്നെ ചെയ്യുമെന്ന സന്ദേശമാണ് ” അമ്മ” പ്രധാനം ചെയ്യുന്നത്.
നോവൽ എന്നോ വായിച്ച് മറന്നവർക്ക് “അമ്മ” വീണ്ടും വായിക്കാൻ ഈ നാടകം ഉപകാരപ്പെടണം, ഒപ്പം വായിക്കാത്തവർക്ക് നോവലിലേക്ക് എത്താനുള്ള വഴി തുറന്നിടലുമാണ് നാടകം, സത്ത ചോരാതെ നാടകം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഇതിന്റെ രചയിതാവ് ഡോ. സാം കുട്ടി പട്ടങ്കരിക്ക് സാധിച്ചിട്ടുണ്ട് ഒപ്പം വെളിച്ചം കൊണ്ട് ചേതോഹരമായ ദൃശ്യ വിസ്മയമൊരുക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.

നടീ നടൻമാരെ കഥാപാത്രങ്ങളോട് നീതി പുലർത്തിക്കാനും കൈയ്യടക്കത്തോടെ രംഗ സംവിധാനങ്ങൾ മാറ്റാനും സംവിധായക പ്രതിഭ ശ്രീ പി.എൻ മോഹൻ രാജ് മികച്ച രീതിയിൽ കഴിഞ്ഞിട്ടുണ്ട്. സാധാരണ നാടകങ്ങളിൽ കണ്ട് വരാറുള്ള ക്രമാനുഗതമായ വളർച്ച ഈ നാടകത്തിൽ കാണാതിരുന്നത് നോവലിനോട് താദാത്മ്യം പ്രാപിക്കുക എന്നത് കൊണ്ടാവാം.

കാണികളുടെ ക്ഷമാശക്തി പരീക്ഷിക്കാതെ രണ്ടര മണിക്കുർ നീണ്ട നാടകം വലിച്ചലില്ലാതെ ഒന്നു കൂടി ചുരുക്കി ചെയ്തിരുന്നെങ്കിൽ എന്ന് കാണികൾ ആഗ്രഹിച്ച് പോയെങ്കിൽ അവരെ തെറ്റ് പറയാൻ പറ്റില്ല. സംഗീതം മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്. ഇതിലെ തീവണ്ടി മുറിയിലെ രംഗം നാടക ആസ്വാദകന്റെ മനസ്സിൽ എന്നും തങ്ങി നിൽക്കും.

മെയ്ദിന റാലിയും അതിലെ പോലീസ് ഇടപെടലും നാടകത്തിലെ വികാരോജ്ജ്വല രംഗമാണ്. അന്യായങ്ങളുടെ കൊള്ളക്കാലത്ത് സ്വാർത്ഥതയുടെ അഴുക്ക് വെള്ളപാച്ചലിൽ “അമ്മ” നാടകം ഒരോർമ്മപ്പെടുത്തലാണ്. അസമത്വത്തിന്റെ ഇരുണ്ട കാലത്ത് സമത്വത്തിലേക്ക് നടന്നടുക്കാൻ ഉള്ള ഉണർത്തുപാട്ടായി കേരളീയ സമാജത്തിൽ തിങ്ങി നിറഞ്ഞ രണ്ടായിരത്തോളം വരുന്ന കാണികൾക്കുള്ളിലേക്ക് നിറയാൻ കഴിഞ്ഞെങ്കിൽ അത് തന്നെയാണ് “അമ്മ” നാടകത്തിന്റെ വിജയവും. ഇത്തരം ക്ലാസിക്കൽ കൃതികളെടുത്ത് നാടക സ്വാദകർക്ക് മുമ്പിലെത്തിക്കാൻ കാണിച്ച ബഹ്‌റൈൻ പ്രതിഭയുടെ വലിയ ചിന്തയും സംഘാടകത്വവും തീർച്ചയായും അഭിനന്ദനമർഹിക്കുന്നു.

എസ് .കെ .ലാൽ