അമേരിക്കയിൽ പ്രക്ഷോഭം ആളിപ്പടരുന്നു

6021

വാഷിംഗ്‌ടൺ: കറുത്തവർഗ്ഗക്കാരനായ ജോർജ്ജ് ഫ്ലോയ്ഡിന്റെ മരണത്തെ തുടർന്നുണ്ടായ പ്രക്ഷോഭം അമേരിക്കയിലെങ്ങും വ്യാപിക്കുന്നു. തിങ്കളാഴ്ചയാണ് മിന്നെസോട്ടയിലെ മിനിയാപൊളിസിൽ ജോർജ്ജ് ഫ്ളോയിഡ് എന്ന കറുത്ത വർഗക്കാരൻ വെള്ളക്കാരനായ പോലീസ് ഓഫീസറുടെ കാൽമുട്ടിനിടയില് അമർന്നു മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതിഷേധം ആളിക്കത്തുകയായിരുന്നു. അഞ്ചു ദിവസമായി തുടരുന്ന പ്രതിഷേധം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. വൈറ്റ് ഹൗസിന്റെ മുന്നിൽ വരെയെത്തിയ പ്രക്ഷോഭകരെ നിയന്ത്രിക്കാൻ നാഷണൽ സെക്യൂരിറ്റി ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്.

അമേരിക്കയിലെ പതിനാറു സംസ്ഥാനങ്ങളിലായി ഇരുപത്താറു നഗരങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കർഫ്യൂ ലംഘിച്ചും ജനങ്ങൾ പ്രതിഷേധം തുടരുകയാണ്. കറുത്ത വർഗക്കാർ മാത്രമല്ല വെള്ളക്കാരും പ്രക്ഷോഭത്തിന്റെ മുന്നിരയിലുണ്ട്. നൂറ്റാണ്ടുകളായി നിലനില്ക്കുന്ന വർണവെറിക്കെതിരായ പോരാട്ടത്തിൽ വർണ, വർഗ്ഗ വിവേചനമില്ലാതെ അമേരിക്കയിലെ ജനങ്ങൾ പങ്കാളികളാകുകയാണ്. വിവിധ നഗരങ്ങളിലായി പ്രതിഷേധിച്ച 1400 ഓളം ആളുകളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മിനിയാപൊളിസ്, സെയിന്റ് പോൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രതിഷേധം അക്രമാസക്തമായിരുന്നെങ്കിലും രാജ്യമെങ്ങും പൊതുവെ സമാധാനപരമായ പ്രതിഷേധങ്ങളാണ് കൂടുതൽ നടന്നത്. മിനിയാപൊളിസിൽ തീവെപ്പും അക്രമവും വ്യാപകമായി നടന്നു. മറ്റിടങ്ങളിൽ ഇത്തരത്തിലുള്ള അക്രമങ്ങൽ നടന്നില്ലെങ്കിലും റോഡ് ഉപരോധം ഉൾപ്പെടെ നടന്നു. പോലീസ് വാഹനങ്ങൽ തടയുകയും പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മിനിയാപൊളിസിൽ മൂന്ന് പേർക്ക് വെടിവെപ്പിൽ പരിക്കേറ്റതായാണ് റിപ്പോട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണെന്നും പ്രതിഷേധത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായും ഇന്ത്യാനപൊളിസ് പോലീസ് അറിയിച്ചു.

അമേരിക്കയിലെമ്പാടും പൊലീസ് ആസ്ഥാനങ്ങൾക്ക് നേരെയുള്ള അക്രമം തുടരുന്നുണ്ട് . ഫെർഗൂസൻ പൊലീസ് ആസ്ഥാനം ആക്രമിക്കപ്പെട്ടു. ഇവിടെയുള്ള എല്ലാ പൊലീസുദ്യോഗസ്ഥരെയും ഒഴിപ്പിച്ചതായും അധികൃതർ അറിയിച്ചു.

രാജ്യത്തെ കൊവിഡ് പരിശോധനകൾ പലയിടത്തും നിർത്തി വച്ചിരിക്കുകയാണ്. ലോകത്ത് കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യമായിട്ട് പോലും, അമേരിക്കയ്ക്ക് കലാപകലുഷിതമായ സാഹചര്യത്തിൽ പരിശോധനകൾ നിർത്താതെ വേറെ വഴിയില്ലാത്ത സ്ഥിതിയാണ്. ജൂണിൽ അമേരിക്കയിൽ നടക്കേണ്ടിയിരുന്ന ജി – 7 ഉച്ചകോടി മാറ്റി വച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

സൈന്യത്തെ ഇറക്കി അക്രമത്തെ നേരിടുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകം വലിയ ദുരന്തമാണെന്ന പ്രസ്താവനയ്ക്കുമപ്പുറം, അക്രമികളെ കർശനമായി നേരിടും എന്ന തരത്തിലുള്ള പ്രസ്താവനകൾക്കാണ് ട്രംപ് ഊന്നൽ കൊടുക്കുന്നതെന്നത് ശ്രദ്ധേയമാണ്.

പ്രതിഷേധങ്ങളെ ഡെമോക്രാറ്റ് – റിപ്പബ്ലിക്കൻ തർക്കമായി തിരിച്ച് വിടാനും, ട്രംപ് ശ്രമിക്കുന്നുണ്ട്. മിനിയാപോളിസിൽ ഡെമോക്രാറ്റായ ഗവർണർ ശ്രമിച്ചിട്ട് നടക്കാത്ത ക്രമസമാധാനപാലനം സൈന്യത്തെ വിട്ട് ഞാൻ നടപ്പിലാക്കി എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

അതേസമയം, പ്രതിഷേധക്കാരെ തീർത്തും മോശമായ ഭാഷയിൽ വിശേഷിപ്പിക്കുന്ന ട്രംപിന്റെ നിലപാടിനെതിരെ വാഷിംഗ്ടൺ ഗവർണർ അടക്കം വിമർശനം കടുപ്പിക്കുകയാണ്. പൗരാവകാശങ്ങളുള്ള അമേരിക്കയിൽ ഇത്തരം ഭാഷ ഒരു പ്രസിഡന്റ് ഉപയോഗിക്കുന്നത് അപലപനീയം എന്നാണ് ഡെമോക്രാറ്റ് കൂടിയായ വാഷിംഗ്ടൺ ഗവർണർ മറിയൽ ബൗസർ വിമർശിച്ചത്. അതേസമയം, ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള ജോ ബൈഡൻ, സമരങ്ങളെ അനുകൂലിച്ചെങ്കിലും അക്രമങ്ങളെ എതിർക്കുകയാണ്.