പൗരത്വനിയമഭേദഗതിയില്‍ നേരിയ മാറ്റങ്ങള്‍ വരുത്തുമെന്ന് സൂചിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി

7008

ന്യൂഡൽഹി: പൗരത്വനിയമഭേദഗതിയില്‍ നേരിയ മാറ്റങ്ങള്‍ വരുത്തുമെന്ന് സൂചിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പു റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ഇതിന്‍റെ ഭാഗമായി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി ചർച്ച നടത്താൻ തയാറാണെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം പൗരത്വനിയമത്തിനെതിരെ അസമില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. പൊലീസ് വെടിവയ്പില്‍ പരുക്കേറ്റയാളാണ് മരിച്ചത്. പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തമായിരിക്കെ അസം മുഖ്യമന്ത്രി സർബാനന്ദ സോണാവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും. ഗോഹത്തിയിൽ ചേർന്ന ബിജെപി എംപിമാരുടെയും എംഎൽഎമാരുടെയും യോഗത്തിലാണ് പ്രധാനമന്ത്രിയെ സ്ഥിതി നേരിട്ട് ബോധ്യപ്പെടുത്താൻ തീരുമാനിച്ചത്.

സോണിത്പുരിൽ ടാങ്കർ ലോറി പ്രതിഷേധക്കാർ തീയിട്ട സംഭവത്തിൽ ഡ്രൈവർ കൊല്ലപ്പെട്ടു. നിയമഭേദഗതിക്കെതിരെ അസമിലെ സർക്കാർ ജീവനക്കാർ ബുധനാഴ്ച പണിമുടക്കും. ബംഗാളിലും സംഘർഷത്തിന് അയവുവന്നിട്ടില്ല. ബംഗാളിൽ ഇന്നലെ മാത്രം അഞ്ചു ട്രെയ്നുകളും മൂന്നു റെയ്ൽവേ സ്റ്റേഷനുകളും 25 ബസുകളുമാണ് പ്രക്ഷോഭകർ തീയിട്ടത്