പരമ്പര 4 -കൊച്ചിൻ കോളേജിനെ തകർക്കാൻ ഗൂഢശ്രമം

14125

കൊച്ചി: പശ്ചിമ കൊച്ചിയിലെ ഏക ഉപരിപഠന കേന്ദ്രമായ കൊച്ചിൻ കോളേജിനെ തകർക്കാൻ അണിയറയിൽ ഗൂഢശ്രമം നടക്കുന്നുയെന്നും അതാണ് ഇപ്പോൾ നടക്കുന്ന ആരോപണങ്ങൾക്കു പിന്നിലെന്നും കഴിഞ്ഞ ദിവസങ്ങളിൽ ഗ്രീൻ കേരള ന്യൂസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൊച്ചിൻ കോളേജിനെതിരെ അഴിമതി ആരോപണങ്ങൾ ഉയരുന്നതിനു പിന്നിലെ യാഥാർഥ്യം എന്താണ്? ഇതുസംബന്ധിച്ച് ഗ്രീൻ കേരള ന്യൂസിന്റെ നാലാമത്തെ പരമ്പരയാണിത്

പരാതിയെ തുടർന്ന് കൊച്ചിൻ കോളേജ് മാനേജറെ മഹാത്മ ഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് സസ്‌പെന്റ് ചെയ്യുകയുണ്ടായി. മാനേജർ തലവരിപ്പണം വാങ്ങിയെന്ന പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ വാസ്തവം എന്താണ് ?

ഒരു എയ്‌ഡഡ്‌ കോളേജിലെ മാനേജർക്കെതിരെ നടപടി എടുക്കാൻ സർവകലാശാല സിണ്ടിക്കേറ്റിനു ഒരു അധികാരവുമില്ലെന്നാണ് ഒരു പ്രമുഖ സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഗ്രീൻ കേരള ന്യൂസ് പ്രതിനിധിയോട് പ്രതികരിച്ചത്. അതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. ഇക്കാര്യത്തിൽ ചില കള്ളക്കളികൾ നടന്നുയെന്നത്.

കൊച്ചിൻ കോളേജ് എഡ്യുക്കേഷണൽ സൊസൈറ്റിയിൽ അംഗമാവാൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണ് മാനേജർക്കെതിരെ എംജി സർവകലാശാലക്ക് പരാതി കൊടുത്തത്. നിലവിലെ ഭരണ സമിതിയും പരാതി കൊടുത്ത വ്യക്തി ഉൾപ്പെടെ കുറച്ചു കാലമായി തർക്കങ്ങൾ നിലവിലുണ്ട്. അതാണ് പരാതികൾ കൊടുത്ത് മാനേജരെയും ഭരണ സമിതിയെയും പ്രതിസന്ധിയിലാക്കാൻ നീക്കം നടത്തുന്നതെന്നാണ് നിലവിലെ കോളേജ് ഭരണ സമിതിയിലെ ചിലർ വ്യക്തമാക്കിയത്.

കൊച്ചിൻ കോളേജിലെ മാനേജറെ സർവകലാശാല സസ്‌പെന്റ് ചെയ്യാൻ കാരണമെന്ത് എന്ന ചോദ്യത്തിനു ഒരു മാനേജ്‌മെന്റ് കമ്മിറ്റിയംഗം നൽകിയ മറുപടി ഇങ്ങനെയാണ്.

“കൊച്ചിൻ കോളേജ് മാനേജർക്കെതിരെ ഒരു തെളിവും സർവകലാശാലയുടെ കൈവശമില്ല. കോളേജിലെ ഒരു വിദ്യാർത്ഥിയുടെ കൈയിൽ നിന്നും പണം വാങ്ങിയതായി പരാതിയുമില്ല. കോളേജിൽ പിടിഎ ഫണ്ട് വാങ്ങിച്ചിട്ടുണ്ടെങ്കിൽ അത് മാനേജർ അല്ല പ്രിൻസിപ്പൽ ആണ്. കൊച്ചിൻ കോളേജ് എഡ്യുക്കേഷൻ സൊസൈറ്റി കോളേജിന്റെ വെൽഫെയറിനു വേണ്ടി വാങ്ങിയ സംഭാവനയെക്കുറിച്ച് സൊസൈറ്റി സെക്രട്ടറി കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ അക്കാര്യം സൂചിപ്പിച്ചിരുന്നു. അതു പറഞ്ഞാണ് കോളേജ് മാനേജർക്കെതിരെ സർവകലാശാല നടപടിയെടുത്തത്. ഹൈക്കോടതി നൽകിയ ഒരു വിധിയിൽ കോളേജ് മാനേജർക്കെതിരെ ഒരു തെളിവും ഇല്ലെന്നും അതിനാൽ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോളേജിലെ ഏതെങ്കിലും വിദ്യാർത്ഥിയിൽ നിന്നും കോഴ വാങ്ങിയതായി ഒരു രക്ഷാകർത്താവു പോലും ഇതുവരെ പരാതി നൽകിയിട്ടില്ല. എന്നിട്ടും കോഴ വാങ്ങുന്നുയെന്ന് പറഞ്ഞുകൊണ്ട് പരാതികൾ അയച്ച് കോളേജിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം വെടക്കാക്കി തനിക്കാക്കുയാണ് ” (അടുത്തലക്കം -അധ്യാപക നിയമനങ്ങൾക്ക് കോഴ: വാസ്തവം എന്ത് )