പരമ്പര 3: കൊച്ചിൻ കോളേജിലെ യഥാർത്ഥ അഴിമതിക്കാർ ആരൊക്കെ?

15228

കൊച്ചി: അടുത്ത ജൂലൈ മാസം 54 വയസ് പൂർത്തിയാവുന്ന പശ്ചിമ കൊച്ചിയിലെ ഏക ഉപരിപഠന കേന്ദ്രമായ കൊച്ചിൻ കോളേജിനെ തകർക്കാൻ അണിയറയിൽ ഗൂഢശ്രമം നടക്കുന്നുയെന്നും അതാണ് ഇപ്പോൾ നടക്കുന്ന ആരോപണങ്ങൾക്കു പിന്നിലെന്നും കഴിഞ്ഞ ദിവസങ്ങളിൽ ഗ്രീൻ കേരള ന്യൂസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

കൊച്ചിൻ കോളേജിനെതിരെ അഴിമതി ആരോപണങ്ങൾ ഉയരുന്നതിനു പിന്നിലെ യാഥാർഥ്യം എന്താണ് ? ഇത് സംബന്ധിച്ച് പരാതി ഉന്നയിച്ചവർ പറയുന്നതിങ്ങനെയാണ് .വിദ്യാർത്ഥികളുടെ കൈയിൽ നിന്നും തലവരി പണം വാങ്ങുന്നു .അതിനെതിരെയാണ് ഒരാൾ പരാതി കൊടുത്തത്.അങ്ങനെയാണ് കേസുകൾ ഉണ്ടായത് .

എന്നാൽ ഇതുസംബന്ധിച്ച് കോളേജ് മാനേജ്മെന്റിലെ ഒരു ഡയറക്ടർ ബോർഡംഗം പറഞ്ഞതിങ്ങനെയാണ്

“കോളേജ് മാനേജ്‌മെന്റ് തലവരി പണം വാങ്ങുന്നുയെന്ന് കൊച്ചിൻ കോളേജിലെ വിദ്യാർത്ഥികളോ വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കളോ, അധ്യാപകരോ പരാതി നൽകിയിട്ടില്ല. അതേസമയം വളഞ്ഞ വഴിയിലൂടെ കോളേജ് ഭരണ സമിതിയിൽ കയറി കൂടാൻ ശ്രമിച്ച് പരാജയപ്പെട്ട് നിരാശരായ ചിലരാണ് കോളേജിനെ അപകീർത്തിപ്പെടുത്തുന്ന അഴിമതിയാരോപണ പരാതികൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് .അല്ലാതെ മറ്റാർക്കും കോളേജിനെ സംബന്ധിച്ച് ഒരാക്ഷേപവുമില്ല. തലവരി പണം വാങ്ങിയെന്നറിഞ്ഞാൽ വിദ്യാർഥികൾ ശക്തമായ സമരം നടത്തുമായിരുന്നു. എന്നാൽ അവർ സമരം നടത്തിയിട്ടില്ല.”

കോളേജ് മാനേജ്‌മെന്റ് കമ്മിറ്റിയിലെ മറ്റൊരു അംഗം വെളിപ്പെടുത്തിയത് ഇങ്ങനെയാണ് “2019 ലെ വിദ്യാർത്ഥി പ്രവേശത്തോടനുബന്ധിച്ച് കോളേജ് തലവരിപ്പണം വാങ്ങി അഴിമതി കാണിച്ചു എന്ന ചിലരുടെ ആരോപണം അടിസ്ഥാന രഹിതമാണ് .യഥാർത്ഥത്തിൽ കൊച്ചിൻ കോളേജ് മാനേജ്‌മെന്റോ മാനേജറോ ആരിൽ നിന്നും സംഭാവന കൈപ്പറ്റിയിട്ടില്ല. കൊച്ചിൻ കോളേജ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ ഭരണഘടന പ്രകാരം കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കു വേണ്ടി സംഭാവനകൾ വാങ്ങാവുന്നതാണ്. പുതിയ മാനേജ്‌മെന്റിന്റെ ഭരണത്തിൽ കഴിഞ്ഞ രണ്ടു വർഷമായി ഒരു അധ്യാപക നിയമനം നടന്നിട്ടില്ല. അതേ സമയം കൊച്ചിൻ കോളേജിനെ തകർക്കാൻ ഗൂഢ നീക്കം നടത്തുന്നവരോടൊപ്പം നിലയുറപ്പിച്ചിട്ടുള്ള കൊച്ചിൻ കോളേജിലെ ഒരു മുൻ മാനേജറും സംഘവും അടുത്ത പത്തു വർഷത്തേക്കുള്ള അധ്യാപക നിയമങ്ങളാണ് നടത്തിയത്. ഈ അഴിമതികൾ പുറത്തു വരാതിരിക്കാനും പുകമറ സൃഷ്ടിച്ച് കോളേജ് ഭരണ സമിതി പിടിച്ചെടുക്കാനുമാണ് നിലവിലെ കോളേജ് മാനേജ്‌മെന്റിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.”