പുര കത്തുമ്പോഴും വാഴ വെട്ടുന്നവർ

7411

കോവിഡ് കാലം മനുഷ്യന് മനുഷ്യനെ തിരിച്ചറിയാനും സ്വന്തം തെറ്റുകളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാനുള്ള ഒരവസരവും വന്നിരിക്കയുമാണെന്നൊക്കെ നമ്മൾ തന്നെ മേനി പറയുന്നുണ്ടെങ്കിലും ഈ ഒരു ദുരിതകാലത്തെയും പരമാവധി വസൂലാക്കികൊണ്ടു എങ്ങനെ എനിക്ക് മാത്രം നന്നാകാം എന്നുള്ള തോന്നലുമായി ജീവിക്കുന്നവരും നമുക്കിടയിൽ യഥേഷ്ടം ഉണ്ട്. ആരെ പിഴിഞ്ഞായാലും വേണ്ടില്ല ഈ കാലത്ത് നാലഞ്ച് പുത്തനുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പലരും ഇക്കാലത്ത് വലയുമായി ഇറങ്ങിയിരുന്നു. പ്രത്യേകിച്ച് എന്തിനും ഏതിനും ആദ്യം തന്നെ ഇത്തരത്തിൽ കരുവാകുന്നത് ഗൾഫ് മലയാളികൾ ആണെന്ന് മാത്രം.

കോവിഡിന്റെ കാലം ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേയ്ക്കും തിരിച്ചുമുള്ള യാത്രാദുരിതവും കൂനിന്മേൽ കുരുവെന്നപോലായി. പൊതുവെ ഗൾഫ് സെക്റ്ററിലെ വിമാനായാത്രാ നിരക്കുകൾ അവധിക്കാലങ്ങൾ മറ്റു വിശേഷ ദിവസങ്ങൾ തുടങ്ങിയ കാലങ്ങളിൽ കുത്തനെ ഉയർത്തുക പതിവാണ്. ഇതിനെതിരെ ആയ കാലം തൊട്ട് തന്നെ രാഷ്ട്രീയക്കാർക്കും അധികാരികൾക്കും പരാതികൾ അയക്കാത്ത സംഘടനകൾ വിരളമായിരിക്കും.

അതിനിടയിലാണ് മഹാമാരിയും വന്നെത്തിയത്.തുടക്കത്തിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ യാത്ര നിരോധനം ഏർപ്പെടുത്തിയതോടെ വിമാനയാത്ര തന്നെ അസാധ്യമായിരുന്നു. അടുത്ത ബന്ധുക്കളുടെ മരണത്തിനോ, സംസ്കാര ചടങ്ങിനോ,വിവാഹത്തിനോ പോലും എത്തിച്ചേരാനാകാതെ നിരവധി പ്രവാസികൾ അവരുടെ അവസ്ഥയിൽ മനസ് തേങ്ങി താമസസ്ഥലങ്ങളിൽ ഒതുങ്ങിക്കൂടുകയായിരുന്നു. എന്നാൽ കോവിഡ് സകല രാജ്യങ്ങളിലും വ്യാപകമാവുകയും നയതന്ത്ര യാത്രകൾ പോലും അസാധ്യമാവുകയും ചെയ്തതോടെ ചില രാജ്യങ്ങൾ ഇക്കാര്യത്തിൽ ഇളവ് പ്രഖ്യാപിക്കുകയായിരുന്നു. ഇത്തരത്തിൽ ഇന്ത്യയും പരിമിതമായ യാത്രാനുമതികൾ നൽകി.

അതോടൊപ്പം തന്നെ ബഹ്റൈൻ പോലുള്ളരാജ്യങ്ങളും ചില ഉപാധികളോടെ യാത്രാനുമതി നൽകി. വന്ദേ ഭാരത് എന്ന പേരിട്ടുകൊണ്ട് പ്രത്യേക ദൗത്യത്തിലൂടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് ഇത്തരത്തിൽ യാത്രാനുമതി ഇന്ത്യ നൽകിയത്. ഇന്ത്യൻ എംബസികളിൽ രജിസ്റ്റർ ചെയ്തുകൊണ്ട് വിദേശ കാര്യ മന്ത്രാലയത്തിന്റെ അനുമതിയുള്ളവർക്ക് ഇത്തരത്തിൽ യാത്ര ചെയാനുള്ള അനുമതി ലഭിച്ചതിനു പിന്നാലെ ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറും ചാർട്ട് ചെയ്യപ്പെട്ട വിമാനങ്ങൾക്ക് അനുമതി നൽകി.

ബഹ്റൈനിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ബഹ്റൈൻ കേരളീയ സമാജം ആയിരുന്നു ഇത്തരത്തിൽ ആദ്യമായി ഗൾഫ് എയർ ചാർട്ട് ചെയ്തു കൊണ്ട് ചാർട്ടർ യാത്രയ്ക്ക് തുടക്കമിട്ടത്. തുടർന്ന് ഇന്ത്യൻ ക്ലബ്ബും മറ്റു നിരവധി സംഘടനകളും ഒറ്റപ്പെട്ട ചില ട്രാവൽ ഏജന്റുകളും ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കിയതോടെ നിരവധി ഇന്ത്യക്കാർ നാട്ടിലേയ്ക്ക് പോയിത്തുടങ്ങി. അവധിക്കാലങ്ങളിൽ മുൻപ് വിമാനക്കമ്പനികൾ ഈടാക്കിയതിനേക്കാൾ കുറഞ്ഞ നിരക്കിൽ ആണ് ചാർട്ടേർഡ്ഫ്ളൈറ്റുകൾ പറന്നത് എന്നത് കൊണ്ട് തന്നെ ചാർട്ടേർഡ് വിമാനങ്ങൾ കൂടുതൽ പേരെ ആകർഷിച്ചു തുടങ്ങി. കൂടുതൽ സംഘടനകളും ഇത്തരത്തിൽ വിമാനങ്ങൾ ഏര്പ്പാടാക്കി തുടങ്ങുകയും ചെയ്തു..

അതോടെ ബഹ്റൈനിലെ ആയിരക്കണക്കിന് വരുന്ന ട്രാവൽ ഏജൻസി ജീവനക്കാരുടെ ജീവിതം ദുരിതത്തിലായി. മുൻപ് ട്രാവൽ ഏജൻസികൾ വഴി ബുക്ക് ചെയ്തു നാട്ടിലേക്ക് പോയിരുന്നവർ എല്ലാം തന്നെ സംഘടനകളുടെയും ചാർട്ടർ ചെയ്യുന്ന കമ്പനികളുടെയും വിമാനങ്ങളെ മാത്രം ആശ്രയിക്കാൻ തുടങ്ങി.അതോടെ ട്രാവൽ ഏജന്റുമാരും ചാർട്ടർ ചെയ്യുന്ന സംഘടനകളും രണ്ടു തട്ടിലായി..ഇങ്ങനെ ചാർട്ടർ ചെയ്യുന്ന സംഘടനകൾക്കെതിരെ പരസ്യമായി രംഗത്തു വരികയും ചെയ്തു.

അതിനിടെയാണ് തിരിച്ചു നാട്ടിൽ നിന്നും ബഹ്റൈനിലേയ്ക്ക് വരുന്നവർക്കും ചാർട്ടേർഡ് ഫ്ളൈറ്റുകൾ ഏർപ്പാടാക്കി സമാജം ഇക്കാര്യത്തിലും ആദ്യ മാതൃക കാണിച്ചത്. ഇത്തരത്തിൽ ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് ചാർട്ടർ ചെയ്യാൻ അനുമതി ലഭിച്ച ഏക സംഘടനയും സമാജം മാത്രമായിരുന്നുവെന്നതും ശ്രദ്ധേയമാണ്.ഇക്കാര്യത്തിനുവേണ്ടി ഉന്നത തലങ്ങളിൽ വലിയ തോതിലുള്ള സമ്മർദമാണ് സമാജം നടത്തിയതും ഒടുവിൽ വിജയം കണ്ടതും.

ഇത്തരത്തിൽ നിരവധി വിമാനങ്ങൾ നാട്ടിലേക്കു തിരിച്ചും ക്രമീകരണം നടത്തുന്നതിനിടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ എയർ ബബിൾ കരാർ നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചത്. അതോടെ ചാർട്ടർ വിമാനങ്ങൾക്കുള്ള അനുമതി ഇല്ലാതായി. പല വിമാനങ്ങൾക്കും വേണ്ടി മുൻകൂറായി പണം സ്വരൂപിച്ചിരുന്ന ബഹ്റൈൻ കേരളീയ സമാജം എയർ ബൈബിൾ കരാർ നടപ്പിൽ വന്നതോടെ ഗൾഫ് എയറിനെ സമീപിച്ച് തങ്ങളുടെ പക്കൽ ബുക്ക് ചെയ്തിരുന്ന യാത്രക്കാരുടെ യാത്ര ഉറപ്പിക്കുകയും വലിയൊരു ശതമാനം യാത്രക്കാരെ എയർ ബബിളിനു ശേഷവും ഗൾഫ് എയറിൽ കൊണ്ട് വരികയും ചെയ്തു. ഇക്കാര്യത്തിൽ തങ്ങളെ വിശ്വസിച്ചു പണം നൽകിയ യാത്രക്കാരെ സംരക്ഷിക്കുക എന്ന ദൗത്യമാണ് സമാജം ചെയ്തത്. മാത്രമല്ല 120 ദിനാർ മുതൽ 180 ദിനാർ വരെയായിരുന്നു സമാജം വൺവേ ടിക്കറ്റിനു ചാർട്ടർ ചെയ്ത വിമാനങ്ങൾക്ക് ഈടാക്കിയത്.

എന്നാൽ എയർ ബബിൾ കരാറിന് ശേഷവും സമാജം ഇത്തരത്തിൽ തങ്ങൾക്കു കൂടി ലഭിക്കേണ്ടിയിരുന്ന യാത്രക്കാരെ സ്വാർഥതയ്ക്ക് വേണ്ടി സ്വാധീനം ഉപയോഗിച്ച് ഹോൾ സെയിൽ ബുക്കിംഗ് സംവിധാനത്തിലൂടെ സ്വന്തമാക്കി ടിക്കറ്റുകൾ സാധാരണക്കാർക്ക് ലഭ്യമല്ലാതായി എന്ന് ട്രാവൽ ഏജൻസികൾ ആരോപിക്കുകയും കൂടുതൽ തുക ഈടാക്കി സമാജം ഇതിൽ ലാഭം ഉണ്ടാക്കി എന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തു. ഇതോടെ സമാജത്തെ അനുകൂലിക്കുന്നവരും ട്രാവൽ ഏജൻസികളെ അനുകൂലിക്കുന്നവരും രണ്ടു തട്ടിൽ ആവുകയും സോഷ്യൽ മീഡിയകളിൽ പരസ്പരം ചെളി വാരിയെറിയുന്നത് വരെ കാര്യങ്ങൾ എത്തുകയും ചെയ്തു. ട്രാവൽ ഏജൻസികളും അവരെ അനുകൂലിക്കുന്നവരും അവരുടെ ആരോപണത്തിൽ മറ്റൊരു കാര്യം കൂടി ഊന്നിപ്പറഞ്ഞിരുന്നു. എയർ ബൈബിൾ കരാർ നിലവിൽ വന്നതോടെ സമാജം വാങ്ങിയ തുകയേക്കാൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ എല്ലാവര്ക്കും ലഭ്യമാകും എന്നായിരുന്നു അവർ പറഞ്ഞത്. ആരോപണം ശക്തമായ സമയത്തും സമാജം പിന്നീടുള്ള ദിവസങ്ങളിലും അവർ വാഗ്ദാനം നൽകിയ യാത്രക്കാരെ വിമാനങ്ങളിൽ കൊണ്ട് വന്നു. എതിർപ്പ് ശക്തമായതോടെ 400 ഓളം യാത്രക്കാർക്ക് ടിക്കറ്റിന്റെ പണം സമാജം തിരിച്ചു നൽകുകയും ചെയ്തു.

പിന്നീടാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. എയർ ബൈബിൾ കരാർ പ്രകാരം ആഴ്ചയിൽ പരിമിതമായ ആളുകൾക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത് . ഇത്തരത്തിലുള്ള പ്രഖ്യാപനം വന്നതോടെ ആവശ്യക്കാർ വർദ്ധിക്കുകയും ടിക്കറ്റുകൾ ലഭ്യമല്ലാതാവുകയും ചെയ്തു. എന്നാൽ നാട്ടിലുള്ള ചില ഏജന്സികളിലൂടെ കൂടിയ നിരക്കിൽ ടിക്കറ്റ് ലഭ്യമാവുകയും പലരും കൂടിയ നിരക്കിൽ ടിക്കറ്റെടുത്ത് ഇവിടെക്ക് എത്തുകയും ചെയ്തു. ഗൾഫ് എയറിൽ ടിക്കറ്റിനു വിളിച്ചന്വേഷിച്ചപ്പോൾ ചില അസോസിയേഷനുകളെ സമീപിക്കാനായിരുന്നു അവിടെ നിന്നും ലഭിച്ച നിർദ്ദേശം.അതോടെ ഇക്കാര്യത്തിൽ ചില കള്ളക്കളികൾ നടക്കുന്നുണ്ടെന്ന് സാമൂഹ്യ പ്രവർത്തകർ മനസിലാക്കിയിരുന്നു.

ഓൺലൈൻ ടിക്കറ്റുകൾ നിമിഷനേരം കൊണ്ട് അപ്രത്യക്ഷമാകുന്നു.

എയർലൈൻസുകളുടെ വെബ്സൈറ്റുകൾ ടിക്കറ്റുകൾ അവൈലബിൾ കാണിച്ചു നിമിഷ നേരം കൊണ്ട് അപ്രത്യക്ഷമാകുന്ന അവസ്ഥയാണ് ഇപ്പോൾ തുടർച്ചയായ ദിവസങ്ങളിൽ കണ്ടു വരുന്നത്. ഇത് പലയിടങ്ങളിൽ നിന്ന് ടിക്കറ്റ് എടുക്കുന്നത് കൊണ്ട് എന്ന് നമുക്ക് അനുമാനിക്കാമെങ്കിലും കഴിഞ്ഞ ദിവസം ഗൾഫ് എയർ വിമാനം ബഹ്റൈനിൽ എത്തിയപ്പോൾ 30 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു എന്നതാണ് വസ്തുത. ആയഞ്ചേരിയിലെ പ്രമുഖ ട്രാവൽ ഏജൻസിയിൽ നിന്നും കോഴിക്കോട് ബഹ്റൈൻ സെക്ടറിൽ ടിക്കറ്റ് വാങ്ങിയ ഒരു പ്രവാസിയോട് അവിടെ 50000 ത്തിൽ പരം രൂപയാണ് ടിക്കറ്റിനായി ആവശ്യപ്പെട്ടത്. എന്നാൽ തനിക്ക് ആ നിരക്കിൽ ടിക്കറ്റ് വേണ്ടെന്നു അറിയയിച്ചതോടെ 30000 രൂപയ്ക്ക് ടിക്കറ്റ് നൽകിയതായി യാത്രക്കാരൻ അറിയിച്ചു. കഴിഞ്ഞ ദിവസം ബഹ്റൈനിലെ ഒരു ട്രാവൽ ഏജൻസിയിൽ കോഴിക്കോട് ബഹ്റൈൻ സെക്ടറിൽ ടിക്കറ്റ് തിരക്കിയപ്പോൾ 485 ദിനാറിന് ടിക്കറ്റ് നൽകാം എന്നറിയിച്ചു. അത് ഒക്ടോബർ 15 ലേക്കാണ്. അതെ സമയം മറ്റൊരു ട്രാവൽ ഏജൻസിയിൽ ഇതേ വിമാനത്തിന് ഇതേ ദിവസത്തേക്കുള്ള ബുക്കിംഗിന് ആവശ്യപ്പെട്ടത് 270 ദിനാറും. അപ്പോൾ ടിക്കറ്റുകൾ എവിടെയാണ് ചോരുന്നതെന്നും തോന്നിയ പണം ഈടാക്കാനുള്ള സ്വാതന്ത്ര്യം ആരാണ് നല്കുന്നതെന്നുമുള്ള ചോദ്യം മാത്രം ഇവിടെ ബാക്കിയാകുന്നു.