കാബൂളിൽ പാകിസ്ഥാനെതിരെ കനത്ത പ്രതിഷേധം; വെടിയുതിർത്ത് താലിബാൻ

1174

കാബൂള്‍:കാബൂളിൽ പാകിസ്ഥാനെതിരെ തെരുവിൽ ആയിരങ്ങളുടെ പ്രതി ഷേധം.അഫ്ഗാൻ രാഷ്ട്രീയത്തിൽ പാകിസ്ഥാൻ ഇടപെടുന്നതിനെതിരയാണ് അഫ്ഗാൻ തലസ്ഥാന നഗരത്തിൽ സ്ത്രീകളടക്കമുള്ള വലിയ ജനക്കൂട്ടം പ്രതിഷേധവുമായി എത്തിയത്. ജനക്കൂട്ടത്തെ പിരിച്ചു വിടാനായി താലിബാൻ ഭീകരര്‍ ആകാശത്തേയ്ക്ക് വെടിവെക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്ത് മൂന്നാഴ്ചയ്ക്കു ശേഷമാണ് കാബൂള്‍ നഗരം വലിയ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുന്നത്. പാകിസ്ഥാൻ തുലയട്ടെ എന്നു മുദ്രാവാക്യം മുഴക്കിക്കൊണ്ട് നിരത്തിലൂടെ നീങ്ങുന്ന ജനക്കൂട്ടത്തിൻ്റെ ദൃശ്യങ്ങളാണ് മാധ്യമപ്രവര്‍ത്തകരും പ്രാദേശിക മാധ്യമങ്ങളും പങ്കുവെച്ചിട്ടുള്ളത്. പാകിസ്ഥാൻ അഫ്ഗാൻ വിട്ടു പോകണമെന്നും അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ്റെ പാവ സര്‍ക്കാര്‍ വേണ്ടെന്നുമാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാൽ പ്രതിഷേധം കനത്തതോടെ ജനങ്ങളെ പിരിച്ചു വിടാനായി താലിബാൻ ആകാശത്തേയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് എഎഫ്പി റിപ്പോര്‍ട്ട്.