ആർഎസ്എസും-എസ് ഡിപിഐ യും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ: കോടിയേരി

144

കേരളത്തിന്റ മതനിരപേക്ഷത തകര്‍ക്കാനുള്ള നീക്കമാണ് വിവിധ കേന്ദ്രത്തില്‍ നടക്കുന്നതെന്നും ആര്‍എസ്എസും എസ് ഡിപിഐയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സിപിഐ എം നിര്‍മിക്കുന്ന അഭിമന്യുവിന്റെ സ്ഥാരകത്തിന് ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെ അക്കാദമികവും സർഗാത്മകവും സാമൂഹ്യവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രമായാണ് സ്മാരക മന്ദിരം വിഭാവനം ചെയ്‌തിട്ടുള്ളത്‌

ആര്‍എസ്എസിന്റെ മുസ്ലീം പതിപ്പാണ് എസ് ഡിപിഐ. ഇവര്‍ കേരളത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു. ഇടതുപ്രസ്ഥാനം ദുർബലമാകുമ്പോൾ അവിടെ മുസ്ലീം- ഹിന്ദു വര്‍ഗീയ ശക്തികള്‍ ആപത്കരമായി പ്രവര്‍ത്തിക്കുന്ന അവസ്ഥലേക്ക് കാര്യങ്ങള്‍ മാറും എന്നതിന് പശ്ചിമ ബംഗാളിന്റെ ഇന്നതെ അവസ്‌ഥ നോക്കിയാൽ മനസ്സിലാവും . വര്‍ഗീയസംഘര്‍ഷത്തിന്റെ നാടായി അവിടം മാറി. ത്രിപുരയുടേയും സ്ഥിതി വ്യത്യസ്തമല്ല. വര്‍ഗീയ ശക്തികള്‍ക്ക് ഇന്ന് വരെ മേധാവിത്വം സ്ഥാപിക്കാന്‍ കഴിയാത്ത ഇടമാണ് നമ്മുടെ സംസ്ഥാനം. എന്നാൽ നാളെ കേരളവും ഇതുപോലെയാകും എന്ന പ്രഖ്യാപനം നിസാരമാക്കേണ്ടതല്ലെന്നും കോടിയേരി വിശദീകരിച്ചു. ആര്‍എസ്എസിനു വളരാനുള്ള മണ്ണ് എസ് ഡിപിഐ ഒരുക്കുന്നു. ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷമാണ് മുസ്ലം വര്‍ഗീയത ശക്തിപ്പെട്ടത്.

വര്‍ഗീയതയ്ക്കതെിരെ ശബ്ദിച്ചാല്‍ ജീവനെടുക്കും എന്ന പ്രഖ്യാപനമാണ് മഹാരാജാസില്‍ വര്‍ഗീയ ശക്തികള്‍ നടപ്പാക്കിയത്. അഭിമന്യുവിന്റെ കുടുംബത്തിൻറെ തീരാദുഖത്തിൽ നമ്മളും പങ്കുചേരുകയാണ്. ഇനി ഇത്തരം സംഭവം ഉണ്ടാകാന്‍ പാടില്ല എന്നതാണ് നാം സ്വീകരിക്കേണ്ട നിലപാട്.

കെഎസ്‌യു, എബിവിപി, എംഎസ്എഫ് എന്നിവരുടെ അക്രമങ്ങളിൽ നിരവധി എസ്എഫ്‌ഐക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടു. അഭിമന്യുവിനെ പോലുള്ള നിരവധി ഉശിരന്‍മാരെയാണ് കേരളത്തിലെ വര്‍ഗീയ ശക്തികള്‍ കൊലപ്പെടുത്തിയത്. എന്നാല്‍ എസ്എഫ്‌ഐ ഒരു അക്രമത്തിലും പങ്കെടുത്തില്ല. അഭിമന്യുവിന്റെ കൊലയ്ക്ക് പ്രതികാരം ചെയ്യാന്‍ കരുത്തുള്ള സംഘടനയാണ് എസ്എഫ്‌ഐ. എന്നാല്‍ കൊലയ്ക്ക് കൊലയല്ല പരിഹാരം എന്ന് വിശ്വസിച്ച് വിദ്യാര്‍ഥികളെ അണിനിരത്താനാണ് എസ്എഫ്‌ഐ ശ്രമിച്ചത് എന്ന് കോടിയേരി പറഞ്ഞു