കേരളത്തിൽ നാലാം മുന്നണി പ്രഖ്യാപിച്ച് കെജ്‍രിവാൾ

33244

കൊച്ചി: സംസ്ഥാനത്തെ നാലാമത്തെ രാഷ്ട്രീയ മുന്നണി പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടി കേരളത്തിൽ ട്വന്റി 20യുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കെജ്‍രിവാൾ പറഞ്ഞു. കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണിത്. ഈ സഖ്യം കേരളത്തെ മാറ്റുമെന്നും കെജ്‍രിവാൾ കൊച്ചിയിൽ പറഞ്ഞു. കേരളത്തിൽ ഇനി നാല് മുന്നണികളുണ്ടാകും. ആപും ട്വന്റി 20യും ചേർന്നുള്ള ജനക്ഷേമ മുന്നണി കേരളത്തിലെ നാലാമത്തെ മുന്നണിയായിരിക്കുമെന്നും കെജ്‍രിവാൾ പ്രഖ്യാപിച്ചു പീപ്പിൾസ് വെൽഫെയർ അലയൻസ് (PWA) എന്നാണ് മുന്നണിയുടെ പേര് . ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളും ട്വന്‍റി 20 പ്രസിഡന്‍റ് സാബു എം ജേക്കബും ചേർന്നാണ് പ്രഖ്യാപനം നടത്തിയത്.

കേരളത്തിലും സർക്കാർ രൂപീകരിക്കും. ഒരു വർഷം കൊണ്ടാണ് ദില്ലിയിൽ സർക്കാർ ഉണ്ടാക്കിയത്. അത് ദൈവത്തിന്റെ മാജിക്കാണ്. പത്തു വർഷം മുൻപ് ആം ആദ്മി പാർട്ടിയേയോ അരവിന്ദ് കെജ്‌രിവാളിനെയോ ആർക്കും അറിയില്ലായിരുന്നു. എന്നാൽ ഞങ്ങൾ പാർട്ടിയുണ്ടാക്കി ഒരു വർഷത്തിനുള്ളിൽ ഡൽഹിയിൽ സർക്കാരുണ്ടാക്കി. ഒന്നല്ല മൂന്നു വട്ടം. പിന്നീട് പഞ്ചാബിലും സർക്കാരുണ്ടാക്കി. ഇനി കേരളത്തിലും സർക്കാരുണ്ടാക്കാൻ ആം ആദ്മി പാർട്ടിക്കു സാധിക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞു.

ഡൽഹിയിൽ എന്തു കാര്യം നടക്കാനും കൈക്കൂലി നൽകണമായിരുന്നു. എന്നാൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നതോടെ ഡൽഹിയിൽ കൈക്കൂലി ഇല്ലാതാക്കിയെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.