സുരാജ് വെഞ്ഞാറമൂട് , കനി കുസൃതി മികച്ച അഭിനേതാക്കൾ ;50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

7810

തിരുവനന്തപുരം : 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറമൂടും കനി കുസൃതിയുമാണ് മികച്ച അഭിനേതാക്കള്‍. ജല്ലിക്കെട്ടിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ. നേരത്തേ മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ച സുരാജിന് ഇതാദ്യമായാണ് സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം. ബിരിയാണിയിലെ അഭിനയത്തിനാണ് കനി കുസൃതി ക്ക് പുരസ്കാരം.

മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ഇത്തവണത്തെ വിലയിരുത്തൽ. 119 സിനിമകളാണ് പരിഗണനയിലുണ്ടായിരുന്നത്.

റഹ്മാന്‍ സഹോദരങ്ങള്‍ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം.കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില അഭിനയത്തിന് ഫഹദ് ഫാസില്‍ മികച്ച സ്വഭാവനടനും വാസന്തിയിലെ അഭിനയത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവനടിക്കുമുളള അവാര്‍ഡുകള്‍ സ്വന്തമാക്കി. മൂത്തോനിലെ അഭിനയത്തിന് നിവന്‍ പോളിയും ഹെലനിലെ അഭിനയത്തിന് അന്നബെന്നും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം കരസ്ഥമാക്കി.

പുരസ്കാരങ്ങൾ :-

മികച്ച നടൻ: സുരാജ് വെഞ്ഞാറമൂട് ( വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ) 

മികച്ച നടി: കനി കുസൃതി ( ബിരിയാണി) 

മികച്ച ചിത്രം: വാസന്തി

മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ജല്ലിക്കെട്ട്) 

മികച്ച സംഗീതസംവിധായകൻ: സുഷിൻ ശ്യാം

മികച്ച ഗായകൻ: നജീം അർഷാദ്

മികച്ച ഗായിക: മധുശ്രീ നാരായണൻ

ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്

മികച്ച നവാഗതസംവിധായകൻ: രതീഷ് പൊതുവാൾ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ)

മികച്ച സ്വഭാവ നടി: സ്വാസിക (വാസന്തി)

കുട്ടികളുടെ ചിത്രം: നാനി

മികച്ച സ്വഭാവ നടൻ: ഫഹദ് ഫാസിൽ

മികച്ച ചലചിത്ര ലേഖനം: മാടമ്പള്ളിയിലെ മനോരോഗി (ബിബിൻ ചന്ദ്രൻ) 

മികച്ച തിരക്കഥ: പി.എസ് റഫീഖ് (തൊട്ടപ്പൻ) 

മികച്ച നടനുള്ള പ്രത്യേക പരാമർശം: നിവിൻ പോളി (മൂത്തോൻ) 

മികച്ച നടിക്കുള്ള പ്രത്യേക പരാമർശം: അന്ന ബെൻ

പ്രത്യേക ജൂറി അവാർഡ്: സിദ്ധാർഥ് പ്രിയദർശൻ (മരക്കാർ അറബിക്കടലിന്‍റെ സിംഹം) 

മികച്ച ചിത്രസംയോജകൻ: കിരൺദാസ്

മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ