ഭക്ഷണം അന്നനാളത്തിൽ കുടുങ്ങി അനേകം പേർക്ക് ദാരുണ മരണം നമ്മുടെ നാട്ടിൽ എന്നും സംഭവിക്കുന്നു. അധികം ബുദ്ധിമുട്ടില്ലാത്ത,ഒരു പ്രഥമ ശുശ്രൂഷ കൊണ്ട് ഒഴിവാക്കാവുന്ന അത്തരം മരണങ്ങൾ ഇല്ലാതാക്കുവാൻ അടിയന്തിരമായി നമ്മൾ എന്ത് ചെയ്യണം എന്ന അറിവ് നമ്മളിലേക്ക് പകർന്നു നൽകുന്നതാണ് 4 മിനുട്ടുകൾ എന്ന ഹ്രസ്വചിത്രം.
തലച്ചോറിലേക്ക് ഓക്സിജൻ തടസ്സപ്പെട്ടാൽ പിന്നെ ഏറിയാൽ 3-4 മിനിറ്റുകൾ മാത്രമേ ആളെ രക്ഷിക്കാൻ നമുക്ക് കിട്ടുകയുള്ളു. വളരെ ഗുരുതരമായ ആ അവസ്ഥയിൽ രോഗിയെ ആശുപത്രിയിൽ സമയത്തു എത്തിക്കുക പലപ്പോഴും അപ്രയോഗികമാണ് . അതിനുള്ള പ്രഥമ ശുശ്രുഷ നമ്മളിൽ ഓരോരുത്തരും അറിഞ്ഞിരിക്കണം.
മൂന്നു കൊല്ലം മുൻപ് , നല്ല വിദ്യാഭ്യാസവും കഴിവും ഉള്ള ഒരുപാടു പേരുടെ നടുവിൽ വച്ചാണ് നിസ്സാരമായ ഒരു അറിവ് കൊണ്ട് രക്ഷപെടുത്താമായിരുന്ന ഡോക്ടർ ലക്ഷ്മി മോഹന്റെ ജീവൻ നഷ്ട്ടപ്പെട്ടത് . ഒരു ആപൽഘട്ടത്തിൽ എന്ത് ചെയ്യണം എന്നറിയാത്തവരാണ് നമ്മിൽ ഭൂരിഭാഗം പേരും എന്ന് ആ സംഭവം വ്യക്തമാക്കി. സമൂഹത്തിനു ഒരു ഡോക്ടർ നഷ്ടപ്പെട്ടപ്പോൾ, മറ്റനേകം പേർക്ക് ജീവിതത്തിൽ ആഴത്തിൽ പതിഞ്ഞ ഒരു ദുരന്തമായി അവളുടെ വേർപാട്. ഇനിയും ഒരു മരണം ഇത് പോലെ ഉണ്ടാകാൻ പാടില്ല എന്ന ആഗ്രഹത്തോടെ, ഡോക്ടർ ലക്ഷ്മിയുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ ശ്രീ സനിൽ നായരും ശ്രീ ദിനേശ് മോഹനും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് 4 മിനുട്ടുകൾ.
വളരെ നിർണായകമായ ആ 4 മിനുട്ടുകളിൽ , വിലപ്പെട്ട ഒരു ജീവനും മരണത്തിനും വിലപേശുമ്പോൾ , എന്ത് ചെയ്യണം എന്ന ഒരു എളിയ ബോധവത്കരണ ശ്രമം.

25 മിനിറ്റുകൾ ദൈർഖ്യമുള്ള ശ്രീ അജയകുമാർ സംവിധാനം ചെയ്ത് ജയശങ്കർ, റിതിക,സനാ ഫാത്തിമ, അമ്പിളി എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്റെ രചന ശ്രീ.സുഭാഷ് കൂട്ടിക്കലാണ് . ക്യാമറ: അനിൽ വിജയ്, എഡിറ്റിംഗ്: സുനീഷ് സെബാസ്റ്റ്യൻ, ആർട് ഡയറക്ഷൻ: ജിതിൽ വൈക്കം, പ്രൊഡക്ഷൻ കൺട്രോളർ: സാബു മണിമല എന്നിവരാണ് അണിയറയിൽ പ്രവർത്തിച്ചത്